ന്യൂഡൽഹി: അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, കമ്പനിയുടെ മാനേജിങ് ഡയറക്ടർ വിനീത് ജെയിൻ എന്നിവർക്കെതിരെ യു.എസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്.സി.പി.എ) ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എ.ജി.എൽ). യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ കുറ്റപത്രത്തിലും യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ സിവിൽ പരാതിയിലും ഈ വ്യക്തികൾക്കെതിരായ കൈക്കൂലി അഴിമതി ആരോപണങ്ങൾ ഉൾപ്പെടുന്നില്ലെന്ന് കമ്പനി അവകാശപ്പെട്ടു.
എന്നാൽ തട്ടിപ്പ്, ഗൂഢാലോചന, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഈ മൂന്ന് വ്യക്തികൾ നേരിടുന്നുണ്ട്. കൈക്കൂലി നൽകാൻ പദ്ധതിയിട്ടു, ഉദ്യോഗസ്ഥർക്ക് വാഗ്ദാനം ചെയ്തു എന്നീ അവകാശവാദങ്ങളിൽ മാത്രമാണ് കുറ്റപത്രം നിലനിൽക്കുന്നത്. ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ അദാനി എക്സിക്യൂട്ടിവുകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നും നൽകിയിട്ടില്ല. യു.എസ് കുറ്റപത്രം വാർത്തയായതിന് പിന്നാലെ തങ്ങളുടെ 11 ലിസ്റ്റുചെയ്ത സ്ഥാപനങ്ങളിലായി 55 ബില്യൺ ഡോളറിന്റെ വിപണി മൂലധന നഷ്ടം ഉണ്ടായതായും കമ്പനി സ്റ്റോക് എക്സ്ചേഞ്ചുകളിൽ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു.
അദാനി ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എ.ജി.എൽ ചെയർമാനും സാഗർ അദാനി എക്സിക്യൂട്ടിവ് ഡയറക്ടറുമാണ്. 20 വർഷത്തിനുള്ളിൽ രണ്ട് ബില്യൻ ഡോളർ ലാഭം ലഭിക്കുന്ന സൗരോർജ വിതരണ കരാറുകൾ നേടാനും ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളറിൽ അധികം കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരെ ഉയർന്ന ആരോപണം.
കൈക്കൂലി നൽകിയതിന് കുറ്റപത്രമില്ലെന്ന് മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ അറ്റോണി ജനറലുമായ മുകുൾ റോഹ്തഗി. ആരാണ് കൈക്കൂലി നൽകിയത്, എത്ര കൈക്കൂലി നൽകി, ഏത് കരാറിനാണ് നൽകിയതെന്നും വിവരമില്ലെന്നും മുകുൾ റോഹ്തഗി വ്യക്തമാക്കി.
നിക്ഷിപ്ത താൽപര്യങ്ങൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് തുരങ്കംവെക്കാൻ അമേരിക്കൻ കോടതികളെ ഉപയോഗിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകനും മുൻ രാജ്യസഭാ എം.പിയുമായ മഹേഷ് ജഠ്മലാനി.
കോൺഗ്രസ് വരികൾക്കിടയിൽ വായിക്കുകയാണെന്നും ജഠ്മലാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.