ന്യൂഡൽഹി: വിവാദ വഖഫ് ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി)യുടെ കാലാവധി 2025 ഏപ്രിലിൽ അവസാനിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ അവസാന നാൾ വരെ നീട്ടും. എൻ.ഡി.എ സഖ്യകക്ഷികളായ തെലുഗുദേശം പാർട്ടിയും ജനതാദൾ -യുവും കാലാവധി നീട്ടണമെന്ന നിർണായക നിലപാടെടുത്തതോടെയാണ് പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ ബി.ജെ.പി നേതാവായ ചെയർപേഴ്സൻ ജഗദാംബികാ പാൽ നിർബന്ധിതമായത്.
കാലാവധി നീട്ടാനുള്ള പ്രമേയം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പാർലമെന്റിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങുമെന്ന് ജെ.പി.സി ചെയർപേഴ്സണും ബി.ജെ.പി എം.പിയുമായ ജഗദാംബിക പാൽ ‘മാധ്യമ’ത്തോടു പറഞ്ഞു. നിലവിൽ കാലാവധി തീരുന്ന വെള്ളിയാഴ്ചക്കകം കാലാവധി നീട്ടാനുള്ള പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയില്ലെങ്കിൽ വഖഫ് ജെ.പി.സി ഇല്ലാതാകുമെന്നും പാൽ കൂട്ടിച്ചേർത്തു. ആറു സംസ്ഥാനങ്ങളിൽ സമിതി സിറ്റിങ് നടത്താനുണ്ടെന്നും ഡൽഹി അടക്കമുള്ള ചില സംസ്ഥാനങ്ങളെ കൂടി കേൾക്കാനുണ്ടെന്നും അതിനാൽ ഈ മാസം 29ന് റിപ്പോർട്ട് സമർപ്പിക്കാൻ ജെ.പി.സിക്ക് കഴിയില്ലെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.
ബുധനാഴ്ച വൈകീട്ട് പാർലമെന്റ് അനക്സിൽ ചേർന്ന പ്രക്ഷുബ്ധമായ ജെ.പി.സി യോഗത്തിനൊടുവിലാണ് കാലാവധി നീട്ടണമെന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യം അംഗീകരിക്കാൻ ബി.ജെ.പി എം.പിമാർ അടക്കമുള്ള സമിതി ഐകകണ്ഠ്യേന തീരുമാനിച്ചതെന്ന് ജഗദാംബികാ പാൽ തുടർന്നു.
കേന്ദ്രത്തിൽ ന്യൂനപക്ഷമായ ബി.ജെ.പിക്ക് 16 എം.പിമാരുടെ പിന്തുണ നൽകുന്ന ടി.ഡി.പിക്ക് മുസ്ലിം സമുദായത്തെ പിണക്കാൻ കഴിയാത്തതിനാൽ ജെ.പി.സിയിലെ പാർട്ടി അംഗം കൃഷ്ണ ദേവരായലു ബുധനാഴ്ച നടന്ന യോഗത്തിൽ കാലാവധി നീട്ടണമെന്ന നിലപാടെടുത്തു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ -യുവും മുസ്ലിം നേതാക്കളുടെ വികാരം ജെ.പി.സിക്ക് മുമ്പാകെ പ്രതിഫലിപ്പിച്ചു.
ആറു സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷം സമിതി അംഗങ്ങൾ 44 ഭേദഗതികളിലും അംഗങ്ങൾക്കുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്ത ശേഷം മാത്രമേ ജെ.പി.സി റിപ്പോർട്ട് തയാറാക്കാൻ സാധിക്കൂ എന്ന് സമിതിയിലെ കോൺഗ്രസ് അംഗമായ സയ്യിദ് നസീർ ഹുസൈൻ ‘മാധ്യമ’ത്തോടു പറഞ്ഞു. ജെ.പി.സി റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് അതു പ്രകാരമുള്ള ഭേദഗതികൾ കൊണ്ടുവന്ന് നിലവിലുള്ള ബിൽ മാറ്റി അവതരിപ്പിച്ച് പാസാക്കിയ ശേഷമേ വഖഫ് സ്വത്തുക്കൾക്ക് മേൽ കൈവെക്കാനുള്ള ബി.ജെ.പി അജണ്ട നടപ്പാക്കാനാകൂ. നിലവിലുള്ള സാഹചര്യത്തിൽ അടുത്ത ബജറ്റ് സമ്മേളനത്തിലും അതു സാധ്യമാകില്ലെനന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.