ന്യൂഡൽഹി: കാൽനൂറ്റാണ്ടിലെ ചുവപ്പ് ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയിൽ അധികാരംപിടിച്ച ബി.ജെ.പി പാഠപുസ്തകം ‘തിരുത്തുന്നു’. ഇതിനായി സമിതിയെ നിയോഗിക്കാൻ ബി.ജെ.പി സർക്കാർ തീരുമാനിച്ചു. ഇടത് സർക്കാറിന് കീഴിൽ ത്രിപുരയിലെ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ (ടി.ബി.എസ്.ഇ) രണ്ട് ദശകമായി മാർക്സിസം പ്രചരിപ്പിക്കുകയായിരുന്നെന്ന് ആരോപിച്ച മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് സർക്കാർ സ്കൂളുകളിൽ എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കി. ത്രിപുരക്കാർ മാവോ സേതുങ്ങിനെ കുറിച്ച് പഠിക്കെട്ട, ഹിന്ദു രാജാക്കന്മാരെ മറന്നോെട്ട എന്ന നിലപാടായിരുന്നു കമ്യൂണിസ്റ്റുകൾക്ക്.
സർക്കാർ സ്കൂളുകളിലെ പാഠപുസ്തകത്തിൽനിന്ന് മഹാത്മാ ഗാന്ധിയെയും നീക്കി. പകരം മാർക്സിനെയും ഹിറ്റ്ലറെയും കുറിച്ച് പഠിപ്പിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികളെപ്പറ്റി ഒന്നും പഠിപ്പിച്ചില്ല. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് ശിപാർശ സമർപ്പിക്കാൻ സമിതി രൂപവത്കരിക്കും. സംസ്ഥാന ബോർഡ് പാഠ്യപദ്ധതിയുടെ 10 ശതമാനംകൂടി ഉൾപ്പെടുന്ന തരത്തിൽ എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി നടപ്പാക്കും. താൻ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ചെന്നപ്പോൾ ഒാഫിസിൽ ദേശീയപതാക ഇല്ലാത്തത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.