ന്യൂഡൽഹി: നാലു വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയുടെ സംഘടനാസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തിൽ, പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി നഡ്ഡ 120 ദിവസം നീളുന്ന രാജ്യപര്യടനത്തിന്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പര്യടനത്തിന് ഡിസംബർ അഞ്ചിന് ഉത്തരാഖണ്ഡിൽ തുടക്കം കുറിക്കുെമന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ് ന്യൂഡൽഹിയിൽ പറഞ്ഞു.
ഓരോ സംസ്ഥാനവും സന്ദർശിക്കുന്ന അധ്യക്ഷൻ, ബൂത്തുതല ചുമതലക്കാരുടെ വെർച്വൽ യോഗം വിളിച്ചുചേർക്കുമെന്നും ഒപ്പം സംസ്ഥാനത്തുനിന്നുള്ള എം.പി, എം.എൽ.എമാർ, ജില്ല അധ്യക്ഷന്മാരടക്കമുള്ള പ്രധാന നേതാക്കൾ എന്നിവരെയെല്ലാം കാണുമെന്നും അരുൺ സിങ് വ്യക്തമാക്കി.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ കാര്യമായി മുന്നേറ്റം നടത്താൻ കഴിയാതെപോയ സംസ്ഥാനങ്ങളിലാകും കൂടുതൽ ശ്രദ്ധയൂന്നുക. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, അസം എന്നിവിടങ്ങളിലെ തയാറെടുപ്പുകൾ അദ്ദേഹം വിലയിരുത്തും.
വലിയ സംസ്ഥാനങ്ങളിൽ മൂന്നു ദിവസവും ചെറിയവയിൽ രണ്ടു ദിവസവും എന്ന രൂപത്തിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്.
മുൻഗാമി അമിത് ഷാ അധ്യക്ഷ പദവിയിൽ ഇരിക്കവെ, ഇതുപോലൊരു പര്യടനം നടത്തിയതിൽ പാർട്ടിക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നുവെന്ന വിലയിരുത്തലിലാണ് നഡ്ഡയും യാത്രക്കൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.