പട്ന: 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു സഖ്യകക്ഷിയായിട്ടും ബി.ജെ.പി പിന്നിൽനിന്ന് കുത്തിയതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികൾ കൈകോർത്താൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, പന്ത് അത്തരം പാർട്ടികളുടെ കോർട്ടിലാണ്. അതു സാധ്യമാക്കാൻ ഞാൻ പരമാവധി ശ്രമിക്കും -71കാരനായ നിതീഷ് പറഞ്ഞു. ജനതാദൾ (യുനൈറ്റഡ്) ദേശീയ കൗൺസിലിന്റെ ഭാഗമായ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005ലെയും 2010ലെയും നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ സീറ്റ് കുറഞ്ഞിട്ടില്ല. 2020ൽ, ഞങ്ങളുടെ പരാജയം ഉറപ്പാക്കാനായിരുന്നു സഖ്യകക്ഷിയുടെ ശ്രമം. അതോടെ ഞങ്ങൾ വളരെയേറെ കഷ്ടപ്പെട്ടു. ബി.ജെ.പിയുടെ പേര് പരാമർശിക്കാതെയായിരുന്നു നിതീഷിന്റെ കടുത്ത ആരോപണം. സഖ്യകക്ഷിയാണെങ്കിലും ബിഹാറിന് കേന്ദ്രത്തിൽനിന്ന് ഒന്നും ലഭിച്ചില്ല. പ്രത്യേക പദവി എന്ന ആവശ്യം അംഗീകരിച്ചില്ല. ദരിദ്രജനവിഭാഗങ്ങളുടെ പുരോഗതി സാധ്യമായാലേ രാഷ്ട്രത്തിന് വികസിക്കാനാവൂ -അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണെന്ന് ജെ.ഡി.യു ദേശീയ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജീവ് രഞ്ജൻ സിങ് ആരോപിച്ചു. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ വർഗീയ വികാരങ്ങൾ ആളിക്കത്തിക്കുകയാണ്. ദേശീയ കൗൺസിൽ യോഗശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ബി.ജെ.പിയെ കടന്നാക്രമിച്ചത്. എട്ടര വർഷത്തിനിടെ കേന്ദ്ര സർക്കാർ ജനോപകാരപ്രദമായ ഒന്നും ചെയ്തിട്ടില്ല. നിതീഷ് കുമാറിന്റെ ഭരണമാതൃകകൾ കേന്ദ്രം പകർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.