ബംഗളൂരു: മൈസൂരു കോർപറേഷൻ ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരണം പിടിച്ചെടുത്തു. അവസാന നിമിഷം അപ്രതീക്ഷിതമായി ജെ.ഡി-എസ് മേയർ സ്ഥാനാർഥിയെ നിർത്തിയതോടെയാണ് ബി.ജെ.പി ഭരണത്തിന് വഴിയൊരുങ്ങിയത്. ബി.ജെ.പി സ്ഥാനാർഥിയായ സുനന്ദ പാലനേത്രയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
പാലനേത്രക്ക് 26 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിെൻറ എച്ച്.എം. ശാന്താകുമാരിക്കും ജെ.ഡി-എസിെൻറ അശ്വിനി അനന്തുവിനും 22 വോട്ടുകൾ വീതമാണ് ലഭിച്ചത്. ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കിയ ജെ.ഡി-എസ് നീക്കത്തിൽ പ്രതിഷേധിച്ച് എൻ.ആർ എം.എൽ.എ തൻവീർ സേഠിെൻറ നേതൃത്വത്തിൽ കോൺഗ്രസ് കോർപറേറ്റർമാർ തെരഞ്ഞെടുപ്പ് നടപടികൾക്കിടെ പ്രതിഷേധിച്ച് ഇറങ്ങിപോയി.
1983ൽ ആരംഭിച്ച മൈസൂരു സിറ്റി കോർപറേഷൻ തെരഞ്ഞെടുപ്പിൽ 38 വർഷങ്ങൾക്കിടെ ആദ്യമായാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. മൈസൂരു സിറ്റി കോർപറേഷൻ 59ാം വാർഡിൽനിന്നുള്ള (കുവെമ്പുനഗർ എം. ബ്ലോക്ക്) മുതിർന്ന കോർപറേറ്റർമാരിലൊരാളായ സുനന്ദ മൈസൂരു നഗരത്തിലെ 35ാം മേയറായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ വിഭാഗം വനിതകൾക്കാണ് ഇത്തവണ മേയർ സ്ഥാനം. അയോഗ്യതയെതുടർന്ന് ജെ.ഡി-എസിെൻറ രുക്മിണി മാദെഗൗഡക്ക് മേയർ സ്ഥാനം നഷ്ടപ്പെട്ടതിനെതുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജെ.ഡി-എസും കോൺഗ്രസും സഖ്യം ചേർന്നാണ് രുക്മിണി മാദെഗൗഡ വിജയിച്ചത്. ജൂൺ 11ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ ഹൈകോടതി തെരഞ്ഞെടുപ്പ് നടത്തുന്നത് തടയുകയായിരുന്നു.
മൈസൂരു റിജനൽ കമീഷണർ ഡോ.ജി.സി പ്രകാശ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സഖ്യകക്ഷിയായ ജെ.ഡി-എസ് അപ്രതീക്ഷിതമായി സ്ഥാനാർഥിയെ നിർത്തിയതിൽ പ്രതിഷേധിച്ച് വോട്ടിങ് ആരംഭിച്ചശേഷം നിലവിലെ ആക്ടിങ് മേയർ അൻവർ ബേയ്ഗ്, എം.എൽ.എ തൻവീർ സേഠ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് കോർപറേറ്റർമാർ വോട്ടിങ് ബഹിഷ്കരിക്കുകയായിരുന്നു.
72 അംഗ ഇലക്ട്രൽ കോളജിൽ 70 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ജെ.ഡി-എസിെൻറ എം.എൽ.എ ജി.ടി. ദേവഗൗഡ, എം.എൽ.സി സന്ദേശ് നാഗരാജ് എന്നിവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതും ബി.ജെ.പിക്ക് സഹായകമായി. 22 കോർപറേറ്റർമാർ, രണ്ട് എം.എൽ.എമാർ, ലോക്സഭ എം.പി, സ്വതന്ത്ര കോർപറേറ്റർ എന്നിവരുടെ വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. 19 കോർപറേറ്റർമാർ, എം.എൽ.എ തൻവീർ സേഠ്, രണ്ടു സ്വതന്ത്ര കോർപറേറ്റർമാർ എന്നിവരുടെ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചപ്പോൾ 17 കോർപറേറ്റർമാർ, രണ്ടു എം.എൽ.സിമാർ, ഒരു ബി.എസ്.പി കോർപറേറ്റർ, രണ്ടു സ്വതന്ത്ര കോർപറേറ്റർ എന്നിവരുടെ വോട്ടുകളാണ് ജെ.ഡി-എസിന് ലഭിച്ചത്.
മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരു ജില്ല ചുമതലയുള്ള മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.ടി. സോമശേഖർ ജെ.ഡി-എസ് എം.എൽ.എ എസ്.ആർ മഹേഷ് ഉൾപ്പെടെയുള്ള നേതാക്കളുമായി രഹസ്യമായി ചർച്ച നടത്തിയിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസിെൻറ പിന്തുണ തേടിയിട്ടുണ്ടെന്ന് പരസ്യമായി സോമശേഖർ പറഞ്ഞിരുന്നു. ജെ.ഡി-എസ് സ്ഥാനാർഥിയെ നിർത്തിയതോടെ ജയിക്കാനുള്ള വോട്ടുകൾ കോൺഗ്രസിനും ജെ.ഡി-എസിനും ലഭിച്ചില്ല. വോട്ടുകൾ ഭിന്നിച്ചതോടെ ബി.ജെ.പി ഭരണം ഉറപ്പിച്ചു. കോൺഗ്രസ്-ജെ.ഡി-എസ് സഖ്യം തകർന്നതോടെ നിലവിലെ ഡെപ്യൂട്ടി മേയർ കോൺഗ്രസിെൻറ അൻവർ ബേയ്ഗിെൻറ സ്ഥാനവും ഇതോടെ അനിശ്ചിതത്വത്തിലായി. 2022 ഫെബ്രുവരി 23വരെയാണ് ഇപ്പോഴത്തെ മേയറുടെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.