ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ പരിപാടിയാക്കി ബി.ജെ.പിയും ആർ.എസ്.എസും മാറ്റുകയാണെന്ന പരാമർശത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ വിമർശനവുമായി ബി.ജെ.പി. രാഹുൽ ഗാന്ധി യാഥാർത്ഥ്യത്തിൽ നിന്നും വേർപെട്ട് സ്വപ്നതുല്യമായ ലോകത്താണ് ജീവിക്കുന്നതെന്നും രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയമറിയാമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'രാഹുൽ ഗാന്ധി സ്വപ്നതുല്യമായ, യാഥാർത്ഥ്യത്തിൽ നിന്നും വേർപെട്ട ലോകത്താണ് ജീവിക്കുന്നത്. കാര്യങ്ങളെ വ്യക്തമായി മനസിലാക്കാനുള്ള വിവേകം രാജ്യത്തെ ജനങ്ങൾക്കുണ്ട്. ജനങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമറിയാം. അദ്ദേഹത്തിന് എന്ത് മറുപടി കൊടുക്കണമെന്നത് രാജ്യത്തെ ജനങ്ങൾക്ക് വിട്ടുകൊടുക്കുകയാണ്', അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വിശ്വാസം മറ്റൊരാളുടെ വാക്കുകൾ കൊണ്ട് തകർക്കാൻ കഴിയുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിശ്വാസം. അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് രാഹുൽ കരുതുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങൾ അയോധ്യയിലെ രാമക്ഷേത്രത്തിലേക്കെത്തുമെന്നും അതിന് കാരണം അവർക്ക് തങ്ങളുടെ രാമനിലുള്ള വിശ്വാസം കൊണ്ടാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ പരിപാടിയാക്കി ബി.ജെ.പിയും ആർ.എസ്.എസും മാറ്റുകയാണ്. അവർ ഇത് തെരഞ്ഞെടുപ്പ് പരിപാടിയാക്കുന്നു. അതിനാൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തങ്ങളുടെ പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ നടത്തിയ വാർത്ത സമേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.