ന്യൂഡല്‍ഹി: ഫേസ്ബുക്കിന് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ബി.ജെ.പി. നൽകിയത് 10.17 കോടി രൂപയുടെ പരസ്യം. കോണ്‍ഗ്രസ് 1.84 കോടിയും ആം ആദ്മി പാര്‍ട്ടി 64 ലക്ഷവും ചെലവഴിച്ച സ്ഥാനത്താണിത്. ബി.ജെ.പി നേതാക്കളുടെ മുസ്ലിം വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയതിന് ഫേസ്ബുക്ക് പ്രതിക്കൂട്ടിലായതിന് പിന്നാലെയാണ് കോടികളുടെ പരസ്യക്കണക്ക് പുറത്തുവന്നത്.
ബി.ജെ.പി 4.61 കോടി രൂപ ഫേസ്ബുക്കിന് നേരിട്ടുള്ള പരസ്യത്തിനായി നല്കിയപ്പോള് ''മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി'' പേജിന് 1.39 കോടിയും 'ഭാരത് കീ മന് കീ ബാത്' പേജിന് 2.24 കോടിയും 'നാഷന് വിത് നമോ' വെബ്സൈറ്റിെൻറ പേരില്‍ 1.28 കോടിയും ബി.ജെ.പി നേതാവ് ആര്.കെ സിന്‍ഹയുടെ പേരില്‍ 65 ലക്ഷവും നല്കി.
തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലും സാമൂഹിക വിഷയങ്ങളിലും ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ പരസ്യം നല്കിയ ആദ്യ പത്തു കൂട്ടരില്‍നിന്ന് ആകെ കിട്ടിയ 15.81 കോടിയില്‍ 10.17 കോടിയും ബി.ജെ.പിയുമായി ബന്ധപ്പെട്ടാണ്. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഫേസ്ബുക്ക് കഴിഞ്ഞ ഒന്നര വര്ഷത്തിനുള്ളിലുണ്ടാക്കിയ പരസ്യം 59.65 കോടി രൂപയുടേതാണ്. ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും അടക്കമാണിത്.
ബി.ജെ.പി നേതാക്കളുടെ മുസ്ലിം വിദ്വേഷ പ്രസ്താവനക്കെതിരെ നടപടി അരുതെന്ന് ഫേസ്ബുക്ക് ഇന്ത്യാ മേധാവി അന്‍ഖി ദാസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കിയ വിവരം അമേരിക്കയിലെ 'വാള് സ്ട്രീറ്റ് ജേണല്‍' പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് പാര്‍ലമെൻററി സ്ഥിര സമിതിയും ഡല്‍ഹി നിയമസഭാ സമിതിയും നടപടികള്‍ക്ക് ഒരുങ്ങുന്നതിനിടയിലാണ് ബി.ജെ.പിയില്‍നിന്ന് കോടികള്‍ പരസ്യയിനത്തില്‍ ഫേസ്ബുക്കിന് ലഭിച്ച കണക്ക് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.