ന്യൂഡൽഹി: ഉത്തർപ്രദേശ് പോലുള്ള പ്രധാന സംസ്ഥാനങ്ങളിൽ സ്ഥിരം വോട്ടു ബാങ്കിലുണ്ടായ ചോർച്ച ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തൽ. ദി ഹിന്ദുവിെന്റ സി.എസ്.ഡി.എസ്-ലോക്നീതി സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മേൽജാതി ഹിന്ദു സമൂഹം, ഒ.ബി.സി വിഭാഗങ്ങൾ, ആദിവാസികൾ, ചെറിയൊരു പരിധിവരെ ദലിതുകൾ എന്നിവരുടെ പിന്തുണയാണ് ബി.ജെ.പിയെ മുൻകാലങ്ങളിൽ തുണച്ചിരുന്നത്. എന്നാൽ, ഇത്തവണ ഈ വോട്ട് ബാങ്കുകളിൽ ഒരു വിഭാഗം പ്രതിപക്ഷത്തേക്ക് ചാഞ്ഞു. അതേസമയം, ദേശീയതലത്തിൽ ഈ വിഭാഗങ്ങളുടെ പിന്തുണ കാര്യമായി നഷ്ടപ്പെടാതിരുന്നത് കുറഞ്ഞ ഭൂരിപക്ഷത്തിനെങ്കിലും അധികാരം നിലനിർത്താൻ ബി.ജെ.പിയെ സഹായിച്ചു. സ്ഥിരം ഹിന്ദു മേൽജാതിക്കാർ ഏറക്കുറെ ബി.ജെ.പിക്കൊപ്പം നിന്നപ്പോഴും ചെറിയൊരു വിഭാഗത്തിെന്റ വോട്ട് പ്രതിപക്ഷത്തിന് ലഭിച്ചു. ഹിന്ദു ഒ.ബി.സി (പ്രത്യേകിച്ച് ഏറ്റവും താഴേത്തട്ടിലുള്ളവർ), ഹിന്ദു ആദിവാസി വിഭാഗം എന്നിവരുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ഹിന്ദുത്വയിലൂന്നി അടിത്തട്ടിലുള്ള പ്രവർത്തനം ദേശീയതലത്തിൽ പാർട്ടിയെ ഒരു പരിധിവരെ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. ക്ഷേമപദ്ധതികളും ഗുണംചെയ്തു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ദലിത് വോട്ടർമാർ നിർണായക പങ്കു വഹിച്ചുവെന്നും സർവേയിൽ കണ്ടെത്തി. ദേശീയ തലത്തിൽ ബി.ജെ.പിക്ക് ലഭിച്ചത് 31 ശതമാനം ദലിത് വോട്ടുകളാണ്. അതേസമയം, കോൺഗ്രസിനും സഖ്യകക്ഷികൾക്കും ദലിത് വോട്ടർമാരുടെ സഹായം ലഭിച്ചു. ഇതിന് പ്രധാനകാരണം ‘ഇത്തവണ 400 സീറ്റ്’ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യമാണ്. വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ കാര്യമായ മാറ്റം വരുത്തുമെന്ന ചിന്ത ദലിത് വോട്ടർമാർക്കുണ്ടായി. ഈ തോന്നൽ പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നന്നായി ഉപയോഗിച്ചു. ഭരണഘടനയുടെ സംരക്ഷണം കോൺഗ്രസ് പ്രകടനപത്രികയിൽ മുഖ്യ വിഷയമായി ഉന്നയിച്ചു. ഭരണഘടന കേന്ദ്രീകരിച്ചുള്ള ഈ പ്രചാരണം ഒരു വിഭാഗം ദലിത് വോട്ടർമാരിൽ സ്വാധീനം ചെലുത്തി. സംവരണ ചർച്ച വർഗീയവത്കരിച്ച് കൂടുതൽ ദലിത് വോട്ടുകൾ ആകർഷിക്കാനുള്ള ബി.ജെ.പി ശ്രമം വിലപ്പോയില്ല.
മുസ്ലിംകൾ, ക്രിസ്ത്യാനികൾ, സിഖുകാർ തുടങ്ങിയ ന്യൂനപക്ഷങ്ങളും വലിയതോതിൽ ബി.ജെ.പിക്കുപിന്നിൽ അണിനിരന്നില്ല. ബി.ജെ.പി പ്രകടന പത്രികയിൽ ന്യൂനപക്ഷങ്ങൾക്കുള്ള വാഗ്ദാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മതത്തിെന്റ അടിസ്ഥാനത്തിൽ ധ്രുവീകരണത്തിനും ശ്രമിച്ചു. മുസ്ലിംകൾക്ക് അനർഹമായ ആനുകൂല്യം നൽകാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന പ്രചാരണം ന്യൂനപക്ഷത്തെ ബി.ജെ.പിയിൽനിന്ന് അകറ്റി. ഇത് സംസ്ഥാനങ്ങളിൽ ബി.ജെ.പിയിതര സഖ്യങ്ങളെ പിന്തുണക്കുന്നതിലേക്ക് നയിച്ചു.
മുസ്ലിംകളിൽ 65 ശതമാനത്തിലധികം കോൺഗ്രസിനെയും സഖ്യകക്ഷികളെയുമാണ് പിന്തുണച്ചത്. അതേസമയം, എട്ട് ശതമാനം മുസ്ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്തു എന്നതും വസ്തുതയാണ്.
മുസ്ലിംകളിലെ നല്ലൊരു ഭാഗം ‘മറ്റുള്ളവർക്കും’ വോട്ടുചെയ്തു. സിഖുകാരിൽ 10 ശതമാനത്തിെന്റയും ക്രിസ്ത്യാനികളിൽ 14 ശതമാനത്തിെന്റയും പിന്തുണ ബി.ജെ.പിക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.