ജയ്‌പൂർ: ലംപി വൈറസ് ബാധിച്ചു നൂറുകണക്കിന് കന്നുകാലികൾ മരിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ ബി.ജെ.പിയുടെ വൻ പ്രതിഷേധം. രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ സതീഷ് പൂനിയ പൊലീസ് ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സുരേഷ് റാവത് എം.എൽ.എ പശുവിനെയും കൊണ്ട് രാജസ്ഥാൻ നിയമസഭയിൽ എത്തി. എം.എൽ.എ സംസാരിച്ചു തുടങ്ങിയതോടെ പശു ഓടി പോയി.
വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കളുമായും മതനേതാക്കളുമായും ചർച്ച നടന്നെന്നും സർക്കാറിന്റെ മുൻഗണന കന്നുകാലികളെ അസുഖത്തിൽ നിന്ന് രക്ഷിക്കുക എന്നതാണെന്നും കേന്ദ്രം അതിനായി വാക്‌സിൻ നൽകുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു.
കന്നുകാലികളെ വൈറസിൽ നിന്ന് സംരക്ഷിക്കുന്നതിനായി തദ്ദേശീയമായി നിർമിച്ച ലംപി-പ്രൊവാക്ക് എന്ന വാക്‌സിൻ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പുറത്തിറക്കിയിരുന്നു. വാക്‌സിൻ ഉടനെ വൻതോതിൽ വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു. 30 കോടി കന്നുകാലികളാണ് രാജ്യത്ത് ഉള്ളതെന്നും സാധ്യമായ എല്ലാ നടപടികളും ഉടൻ ചെയ്യുമെന്നും വാക്‌സിൻ പുറത്തിറക്കികൊണ്ട് നരേന്ദ്ര സിങ് തോമർ പറഞ്ഞിരുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പശുക്കളിലും ലംപി വൈറസ് പടർന്നു കൊണ്ടിരിക്കുകയാണ്. ലംപി വൈറസ് ബാധിച്ച് മഹാരാഷ്ട്രയിൽ 126 കന്നുകാലികൾ ചത്തു. 25 ജില്ലകളിലെ കന്നുകാലികൾക്ക് വൈറസ് ബാധയുണ്ടായി. വൈറസ് മൃഗങ്ങളിൽ നിന്നോ അവയുടെ പാലിൽ നിന്നോ മനുഷ്യരിലേക്ക് പകരില്ല എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.