മുംബൈ: കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഡൽഹിയിൽ നടന്ന അക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. കർഷകരുടെ പ്രതിഷേധത്തെ തകക്കാൻ വൻ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷക പ്രക്ഷോഭം തകർക്കുന്നതിന് ബ്രിട്ടീഷ് ജനറൽ ഡയറിന്‍റെ നയം നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഡൽഹി അക്രമം ബിജെപി സർക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ നവാബ് മാലിക് പറഞ്ഞു. ഇത്തരം തന്ത്രങ്ങൾ കർഷകരുടെ അടുത്ത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
73ാം ചരമവാർഷിക ദിനത്തിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിക്കുന്നതിന് എൻ.സി.പി പ്രവർത്തകരും നവാബ് മാലിക്കിനൊപ്പം മന്ത്രാലയത്തിനടുത്തുള്ള മഹാത്മാഗാന്ധി പ്രതിമക്ക് സമീപം ഒത്തുകൂടിയിരുന്നു. റിപബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ ഇപ്പോഴും വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. കർഷകർക്കെതിരെ ഡൽഹി പൊലീസ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.26ന് നടന്ന കർഷക സമരത്തിൽ കോടിക്കണക്കിന് രൂപയുടെ പൊതുസ്വത്ത് നശിപ്പിക്കപ്പെട്ടായും 394 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഡൽഹി പൊലീസ് പറയുന്നു.
മാർച്ച് സംബന്ധിച്ച് പൊലീസും കർഷക സംഘടന നേതാക്കളും ചേർന്ന് തയാറാക്കിയ കരാർ ലംഘിക്കുന്നതിന് ആസൂത്രിത ശ്രമം നടന്നതായും പൊലീസ് ആരോപിച്ചു.കള്ളക്കേസുകളിൽ കുടുക്കി പൗരത്വ പ്രേക്ഷാഭകരെ വേട്ടയാടിയത് പോലെ കർഷക പ്രക്ഷോഭകരെയും വേട്ടയാടാനുള്ള നീക്കമാണ് ഡൽഹി പൊലീസ് നടത്തുന്നതെന്ന് ആരോപണമുയരുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തുന്നതെന്നും പ്രതിപക്ഷ നേതാക്കളടക്കമുള്ളവർ ആരോപിക്കുന്നു.
റിപബ്ലിക് ദിനത്തിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകൾക്കും വ്യക്തികൾക്കും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കർഷകരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ധാരാളം പേർ കസ്റ്റഡിയിലുമുണ്ട്. സംഭവത്തിൽ 25 എഫ്ഐആർ ഫയൽ ചെയ്തു. യോഗേന്ദ്ര യാദവ്, ബി.കെ.യു വക്താവ് രാകേഷ് ടിക്കായത്, മേധ പട്കർ തുടങ്ങിയ പ്രമുഖ നേതാക്കളെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.