ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം ആസ്തിയുള്ള രാഷ്ട്രീയപാർട്ടി ബി.ജെ.പി. രണ്ടാമത് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി. മൂന്നാമത് കോൺഗ്രസും. തെരഞ്ഞെടുപ്പ് രംഗത്തെ അഴിമതിയും കണക്കുകളും പഠനവിധേയമാക്കുന്ന ജനാധിപത്യ പരിഷ്കരണ കൂട്ടായ്മയാണ് (എ.ഡി.ആർ) പാർട്ടികളുടെ 2019-20 കാലയളവിലെ സ്വത്ത് വിവരം വിലയിരുത്തി റിപ്പോർട്ട് തയാറാക്കിയത്.
4847.78 കോടിയാണ് (69.37ശതമാനം) ബി.ജെ.പിയുടെ ആസ്തി. ബി.എസ്.പിയുടേത് 698.33 കോടിയും (9.99ശതമാനം) കോൺഗ്രസിന്റേത് 588.16 കോടിയും (8.42 ശതമാനം). ഏഴ് ദേശീയ പാർട്ടികളും 44 പ്രാദേശിക കക്ഷികളും ചേർന്ന് ഇതേ കാലയളവിൽ പ്രഖ്യാപിച്ച ആസ്തി യഥാക്രമം 6988.57 കോടിയും 2129.38 കോടിയുമാണ്.
44 പ്രാദേശിക കക്ഷികളിൽ ആസ്തിയിൽ മുന്നിലുള്ളത് സമാജ്വാദി പാർട്ടി- 563.47 കോടി. തൊട്ടുപിന്നിലുള്ള ടി.ആർ.എസിന് (തെലങ്കാന രാഷ്ട്ര സമിതി) 301.47 കോടിയും തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെക്ക് 267.61 കോടിയും സ്വത്തുണ്ട്. ബി.ജെ.പി 3253 കോടിയുടെ സ്ഥിരനിക്ഷേപം വെളിപ്പെടുത്തിയപ്പോൾ ബി.എസ്.പിയുടേത് 618.86 കോടിയാണ്. കോൺഗ്രസിന് 240.90 കോടിയുടെ സ്ഥിരനിക്ഷേപവുമുണ്ട്.
പ്രാദേശിക കക്ഷികളിൽ ഉയർന്ന സ്ഥിര നിക്ഷേപം വെളിപ്പെടുത്തിയവർ: എസ്.പി-434.21 കോടി, ടി.ആർ.എസ്-256.01കോടി, എ.ഐ.എ.ഡി.എം.കെ-(246.09 കോടി), ഡി.എം.കെ-162.42 കോടി, ശിവസേന-148.46 കോടി. ബിജു ജനതാദൾ (ബി.ജെ.ഡി)-118.42 കോടി.
ദേശീയ പാർട്ടികൾ 74 കോടിയുടെ ബാധ്യത ഉണ്ടെന്നറിയിച്ചപ്പോൾ പ്രാദേശിക കക്ഷികളുടെ ബാധ്യത 60.66 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.