ഭോപ്പാൽ: ബി.ജെ.പി നേതാവും ഹരിയാന മുൻ മന്ത്രിയുമായ ബച്ചൻ സിങ് ആര്യ പാർട്ടിയിൽ നിന്ന് രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടതിന് പിന്നാലെയാണ് ബച്ചൻ സിങ് രാജി പ്രഖ്യാപിച്ചത്. 67 സ്ഥാനാർഥികളുടെ പട്ടികയിൽ സഫിഡോണിൽ നിന്നുള്ള നേതാവായ ബച്ചൻ സിങ്ങിന്‍റെ പേര് ഉൾപ്പെട്ടിരുന്നില്ല.
സഫിഡോൺ സീറ്റിൽ രാംകുമാർ ഗൗതമിനെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ബച്ചൻ സിങ്ങിന്‍റെ രാജി ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്.
ബി.ജെ.പിയുടെ പ്രവർത്തന ശൈലിയിൽ ജനങ്ങൾ തൃപ്തരല്ലെന്നും പൊതുജനങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണ് ബി.ജെ.പി ബന്ധം അവസാനിപ്പിച്ചതെന്നും ബച്ചൻ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊതുജനങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് താൻ ബി.ജെ.പിയിൽ ചേർന്നത്. എന്നാൽ, ജനങ്ങൾ തൃപ്തരല്ലായിരുന്നു. ബി.ജെ.പിയുടെ പ്രവർത്തനങ്ങളോട് യോജിപ്പില്ല. മണ്ഡലത്തിലെ ജനങ്ങളെ ബിജെ.പി അവഗണിച്ചു. പൊതുജനങ്ങളുടെ ടിക്കറ്റിലാണ് താൻ മത്സരിക്കുന്നത്. ജനങ്ങൾ വോട്ട് ചെയ്യേണ്ടതിനാൽ അവർ പറയുന്നത് അനുസരിക്കുന്നുവെന്നും ബച്ചൻ സിങ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.