ചെന്നൈ: തമിഴ്‌നാട്ടിലെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണമുണ്ടായെന്ന് വ്യാജ പ്രചരണം നടത്തിയ ബി.ജെ.പി നേതാവിനെതിരേ കേസെടുത്ത് പൊലീസ്. ചെന്നൈ സിറ്റി പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈക്കെതിരെയാണ് കേസെടുത്തത്. അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. വ്യാജപ്രചാരണം നടത്തിയതിന് ബി.ജെ.പി വക്താവിനെതിരെയും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
അക്രമത്തിന് പ്രേരിപ്പിക്കുക, രണ്ടുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സൈബർ ക്രൈം ഡിവിഷൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകവും (ഡി.എം.കെ) അവരുടെ സഖ്യകക്ഷി നേതാക്കളുമാണ് കുടിയേറ്റ തൊഴിലാളികൾക്കെതിരെ പ്രചാരണം നടത്തിയതെന്ന് അണ്ണാമലൈ തമിഴ്‌നാട് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രസ്താവന ഇറക്കിയിരിക്കുന്നു.
'തമിഴ്നാട്ടിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് നിരാശാജനകമാണ്. ഞങ്ങൾ, തമിഴ് ജനത, 'ലോകം ഒന്നാണ്' എന്ന ആശയത്തിൽ വിശ്വസിക്കുന്നു.വിഘടനവാദവും വിദ്വേഷവും അംഗീകരിക്കാനാവില്ലെന്ന്' അണ്ണാമലൈ ട്വീറ്റ് ചെയ്തു. ഉത്തരേന്ത്യക്കാരെക്കുറിച്ച് ഡി.എം.കെയുടെ എംപിമാരും മന്ത്രിമാരും നീചമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അണ്ണാമലൈക്ക് പുറമെ ബി.ജെ.പി വക്താവ് പ്രശാന്ത് ഉംറാവുവും രണ്ട് മാധ്യമപ്രവർത്തകരുമടക്കം നാല് പേർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പൊലീസ് മേധാവിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘ഇതര സംസ്ഥാന തൊഴിലാളികൾ ഭയപ്പെടേണ്ടതില്ല. ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ, ഹെൽപ് ലൈനിൽ ബന്ധപ്പെടണം. നമ്മുടെ സഹോദരങ്ങളായ ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാൻ തമിഴ്നാട് സർക്കാറും ജനവും കൂടെയുണ്ടാകും’ -സ്റ്റാലിൻ പത്രക്കുറിപ്പിൽ അറിയിച്ചു.
തമിഴ്നാട്ടിൽ ബിഹാറിൽനിന്നുള്ള തൊഴിലാളികൾ അക്രമിക്കപ്പെട്ടാക്കാമെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് തൊഴിലാളികൾക്കിടയിൽ ഭീതി പരത്തുകയും ബിഹാർ നിയമസഭയിൽ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട്, ബിഹാർ സർക്കാറുകൾ മുന്നറിയിപ്പ് നൽകി.
വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.