ബിഹാറിൽ പ്രതിഷേധ സമരത്തിനിടെ ബി.​ജെ.പി നേതാവ് മരിച്ചു; ലാത്തിയടിയേറ്റെന്ന് ബി.ജെ.പി ആരോപണം

പട്ന: ബിഹാർ വിധാൻസഭയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനിടെ പാർട്ടി നേതാവ് മരിച്ചു. ബി.ജെ.പി ജെഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിങ് (55) ആണ് മരിച്ചത്. സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റാണ് മരണ​മെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. എന്നാൽ, ആരോപണം പൊലീസ് നിഷേധിച്ചു.

ഡാക് ബംഗ്ലാവ് ചൗക്കിലാണ് പ്രതിഷേധവും ലാത്തി ചാർജും നടന്നതെന്നും എന്നാൽ, വിജയ് കുമാർ സിങ്ങിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത് ചജ്ജു ബാഗിലാണെന്നും പട്‌ന സീനിയർ പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിൽ ബാഹ്യമായ പരിക്കുകളൊന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

മരിച്ചയാളുടെ കുടുംബത്തിന് ബി.ജെ.പി 10 ലക്ഷം രൂപ പ്രഖ്യാപിച്ചു. സർക്കാരിന്റെ അധ്യാപക നിയമന നയത്തിനെതിരെയും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവിന്റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിൽ പങ്കെടുക്കാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു. പൊലീസ് ബാരിക്കേഡ് മറികടക്കുന്നതിനിടെ എംപിമാരായ ജനാർദൻ സിംഗ് സിഗ്രിവാൾ, അശോക് യാദവ് തുടങ്ങി നിരവധി ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. ബിജെപി രാജ്യസഭാംഗം സുശീൽ കുമാർ മോദിയാണ് വിജയ് കുമാർ സിങ്ങിന്റെ മരണവാർത്ത പുറത്തുവിട്ടത്.

ഭർത്താവിന് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് അതിക്രമം മൂലമാണ് മരിച്ചതെന്നും സിങ്ങിന്റെ ഭാര്യ പ്രതിമാ ദേവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

വിജയ് കുമാർ സിങ് കൊല്ലപ്പെട്ടത് പൊലീസ് അതിക്രമം മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി ആരോപിച്ചു. ഇത് മരണമല്ല, കൊലപാതകമാണെന്നും പട്‌ന പോലീസിനെതിരെ പാർട്ടി പരാതി നൽകുമെന്നും ഇവർ അറിയിച്ചു. മരണത്തിൽ പ്രതിഷേധിച്ച് പട്നയിൽ നാളെ മാർച്ച് നടത്തുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. അതേസമയം ബിജെപി നേതാവിന്റെ മരണ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂവെന്ന് ജെ.ഡി.യു വക്താവ് നീരജ് കുമാർ പറഞ്ഞു. 

Tags:    
News Summary - BJP leader dead during Patna protest, party blames police lathi charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.