'ഇത് ക്ഷേത്രങ്ങളെ അപമാനിച്ചതിന്‍റെ പ്രതികാരം', കക്കൂസ് ചുമരിൽ ഔറംഗസേബിന്‍റെ പേര് പതിച്ച് ബി.ജെ.പി നേതാവ്

ഡൽഹി: ക്ഷേത്രങ്ങളെ അപമാനിച്ചതിന്‍റെ പ്രതികാരമെന്ന് പറഞ്ഞ് ഉത്തം നഗറിലെ കക്കൂസ് ചുമരിൽ ഔറംഗസേബ് മൂത്രാലയം എന്ന സ്റ്റിക്കർ പതിച്ച് ബി.ജെ.പി നേതാവ് അചൽ ശർമ്മ. ഹിന്ദു ക്ഷേത്രങ്ങളെ അപമാനിച്ചതിന്‍റെ പ്രതികാരമാണിതെന്നാണ് ശർമ്മ പറഞ്ഞത്. എല്ലാ കക്കൂസുകൾക്കും ഔറംഗസേബ് മൂത്രാലയം എന്നോ ഔറംഗസേബ് ശൗചാലയം എന്നോ പേര് നൽകാൻ ഹിന്ദു സമൂഹത്തോട് അഭ്യർഥിക്കുന്നുവെന്നാണ് ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന.

മുസ്‍ലികൾ ചെയ്തതെല്ലാം തെറ്റാണ്. അവർ 500 വർഷം വരെ ഗ്യാൻവാപി പള്ളിക്കുള്ളിൽ ശിവനെ ഒളിപ്പിച്ചു. ഇതിനുള്ള മറുപടിയാണ് ഇപ്പോഴത്തെ നടപടിയെന്നും ശർമ്മ കൂട്ടിച്ചേർത്തു. ഡൽഹി ജുമ മസ്ജിദിലും സമാനമായ അന്വേഷണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും അവിടെയും ഹിന്ദു ദൈവങ്ങളെ കണ്ടെത്തുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.



ഗ്യാൻവാപി മസ്ജിദ് കേസ് വാരാണസി ജില്ല കോടതിയിലേക്ക് മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വാരാണസി സിവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ജില്ല കോടതിയിലേക്ക് മാറ്റണമെന്നാണ് ഉത്തരവിൽ പറയുന്നത്. എല്ലാവരേയും സംരക്ഷിക്കുന്ന തീരുമാനമുണ്ടാകണമെന്നാണ് കേസ് പരിഗണിക്കവേ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആമുഖമായി പറഞ്ഞത്.ഹരജിയിൽ തീരുമാനമുണ്ടാവുന്നത് വരെ മെയ് 17ലെ ഇടക്കാല ഉത്തരവ് തുടരട്ടെയെന്നും ഒരു വിഭാഗത്തെ മാത്രം അനുകൂലിച്ചുള്ള തീരുമാനം എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുക, മുസ്‍ലികൾക്ക് ആരാധനക്കുള്ള സൗകര്യം ഒരുക്കുക എന്നിവയാണ് ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നത്.

ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറൻ മതിലിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ നൽകിയ ഹരജിയിലാണ് സർവ്വേ നടത്തി വീഡിയോ പകർത്താൻ വാരാണസി കോടതി ഏപ്രിലിൽ ഉത്തരവിട്ടത്. മെയ് ആറിന് സർവ്വെ ആരംഭിച്ചു. സർവ്വെക്കിടെയാണ് പള്ളിയിലെ കുളത്തിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന് ഹരജിക്കാരുടെ അഭിപാഷകൻ അവകാശപ്പെട്ടത്.

Tags:    
News Summary - BJP leader slams Aurangzeb's name on toilet wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.