ന്യൂഡൽഹി: ന്യൂനപക്ഷ അവകാശങ്ങളെ ഇന്ത്യ സംരക്ഷിക്കണമെന്ന യു.എസ് മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ പരാമർശത്തോട് വിമർശനം തുടർന്ന് ബി.ജെ.പി നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.
രാജ്യം എല്ലാ മേഖലയിലും പുരോഗമനത്തിന്റെ പാതയിലാണ്. മോദിയുടെ ഭരണത്തിൽ രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും പ്രവർത്തനം നടന്നാൽ തിരിച്ചടിക്കുമെന്ന ഭയം ഇന്ന് തീവ്രവാദികൾക്ക് പോലും ഉണ്ട്. ഇന്ത്യയെ മോശമായി ചിത്രീകരിക്കാൻ ആരൊക്കെ ശ്രമിച്ചാലും ജനങ്ങൾ അത് വിശ്വസിക്കില്ല. ചിലർക്ക് മുസ്‌ലിംകളെ സംരക്ഷിക്കുന്നതിന് പകരം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് താല്പര്യമെന്നും നഖ്‌വി പറഞ്ഞു.
ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അത് രാജ്യത്തിനു ദോഷമാകുമെന്നും ഒബാമ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോദിയുടെ യു.എസ് സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന. ഇതാണ് ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചത്.
ഒബാമയുടെ പരാമർശത്തെ വിമർശിച്ച് നിരവധി ബി.ജെ.പി നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ഒരുപാട് ഹുസൈൻ ഒബാമമാരുണ്ടെന്നും അവരെ കൈകാര്യം ചെയ്യുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞത് വലിയ വിവാദമായിരുന്നു. ശർമ രാജ്യത്തെ മുസ്‌ലിംകളെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഒബാമയുടെ ഭരണത്തിന് കീഴിൽ ആറ് മുസ്‌ലിം രാജ്യങ്ങളിൽ അമേരിക്ക ബോംബിട്ടിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ ഒബാമയുടെ വാക്കുകൾ എങ്ങനെ വിശ്വസിക്കും എന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.