ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പട്നയിൽ നടന്ന യോഗത്തിൽ ഒത്തുകൂടിയത് അഴിമതിക്കാരാണെന്ന് പരിഹസിച്ച് ബി.ജെ.പി നേതാവ്. അടിയന്തരാവസ്ഥയുടെ 48-ാം വാർഷികത്തോടനുബന്ധിച്ച് ഛത്തീസ്ഗഡ് ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ബി.ജെ.പി നേതാവ് ശിവ പ്രകാശിന്‍റെ പരാമർശം.
ഒരിക്കൽ ബിഹാറിൽ അടിയന്തരാവസ്ഥ കാലത്തിന് എതിരായി ജയപ്രകാശ് നാരായണന്‍റെ കീഴിൽ സത്യസന്ധരായ ചില മനുഷ്യർ ഒത്തുചേർന്നിരുന്നുവെന്നും എന്നാൽ ഇന്ന് പ്രധാനമന്ത്രിക്ക് എതിരെ അഴിമതിക്കാരായ ചിലർ ഒത്തുകൂടിയിരിക്കുകയാണെന്നും ശിവ പ്രകാശ് പറഞ്ഞു. ഇന്ത്യ ഇരുണ്ട കാലഘട്ടം കണ്ടതാണ്. അതിൽ നിന്ന് തിരിച്ചുവരാനെടുത്ത ഊർജവും അതുകൊണ്ടുണ്ടായ ശക്തിയും ജനങ്ങൾ തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഗാന്ധിയനായ ജയപ്രകാശ് നാരായണൻ കോൺഗ്രസിന്‍റെ ഭരണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സാമൂഹിക പരിവർത്തന പരിപാടിയായ സമ്പൂർണ ക്രാന്തിക്ക് വേണ്ടി അദ്ദേഹം വാദിച്ചു. അടിയന്തരാവസ്ഥ പ്രഖ്യപിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
ഒരിക്കൽ സത്യസന്ധരായ ഏതാനും മനുഷ്യർ ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരെ ബിഹാറിൽ ഒത്തുകൂടിയിരുന്നു. എന്നാൽ ഇന്ന് അഴിമതിക്കാരായ കുറേപേർ പ്രധാനമന്ത്രിയെ വിമർശിക്കാൻ വേണ്ടി മാത്രം ഒത്തുകൂടിയിരിക്കുകയാണ്" ശിവ പ്രകാശ് പറഞ്ഞു.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്ക് ശിക്ഷിക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഒരു പദവിയും വഹിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്ത അലഹബാദ് ഹൈകോടതിയുടെ വിധി പുറത്തുവന്നതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ഇപ്പോഴും പറയപ്പെടുന്നത്. സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ ആർട്ടിക്കിൾ 356 കോൺഗ്രസ് ഉപയോഗിച്ചത് 90 തവണയാണ്. ഇതിൽ 50-ും ഇന്ദിരാഗാന്ധിയുടെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സമഗ്രാധിപത്യം കോൺഗ്രസിന്‍റെ ഡി.എൻ.എയിലുള്ളതാണ്. ഇതിൽ ഏറ്റവും നല്ല ഉദാഹരണം സോണിയാ ഗാന്ധിയാണ്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമായ യാതൊരു പദവിയും വഹിക്കാതെ തന്നെ ഛത്തീസ്ഗഡിലെ നിയമസഭാ മന്ദിരത്തിന് ഭൂമി പൂജ ചെയ്തത് സോണിയയായിരുന്നു. 1975 ജൂലൈ നാലിന് ആർ.എസ്.എസ് ഉൾപ്പെടെയുള്ള 56 ഓളം സാമൂഹിക പ്രസ്ഥാനങ്ങളെ നിരോധിച്ചു. കിഷോർ കുമാറിന്‍റെ പാട്ടുകളും, അടിയന്തരാവസ്ഥയ്ക്കെതിരെ സംസാരിച്ച സിനിമകളും നിരോധിച്ചു. ഇന്ത്യൻ ജനാധിപത്യത്തോട് ഏറ്റവും വലിയ ക്രൂരതകൾ ചെയ്തിരിക്കുന്നത് ഇന്ദിരാഗാന്ധിയും കോൺഗ്രസും തന്നെയാണ്. മാധ്യമ സ്വാതന്ത്രത്തിനും അവകാശങ്ങൾക്കും നിബന്ധനകൾ വന്നതോടെ 1975 ജൂൺ 25 രാജ്യത്തിന് കരിദിനമായി മാറി" ശിവ പ്രകാശ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് പരാമർശിച്ചിരുന്നു. അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത സമയമാണെന്നും ഇന്ത്യയുടെ ജനാധിപത് മൂല്യങ്ങൾക്ക് എതിരായിരുന്നു അടിയന്തരാവസ്ഥ കാലമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
ജൂൺ 23ന് നടന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പതിനേഴോളം പാർട്ടികളാണ് പങ്കെടുത്തത്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയെന്നതാണ് യോഗത്തിന്‍റെ ലക്ഷ്യം. യോഗത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവരുൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.