ബി.ജെ.പി നേതാവും നടിയുമായ സോനാലി ഫോഗട്ട് ​ഗോവയിൽ നിര്യാതയായി

പട്ന: ബി.ജെ.പി നേതാവും നടിയുമായ സോനാലി ഫോഗട്ട് നിര്യാതയായി. 42 വയസ്സായിരുന്നു. ഗോവയിൽ സന്ദർശനത്തിനെത്തിയ സോനാലി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മഹിളാ മോർച്ചയുടെ ദേശീയ നേതാവായിരുന്നു.

2008ലാണ് സോനാലി ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് രണ്ടു വർഷം ടി.വി അവതാരകയായിരുന്നു. ഹരിയാൻവി, പഞ്ചാബി സിനിമകളിലും മ്യൂസിക് വിഡിയോകളിലും അഭിനയിച്ചു. ടിക് ടോക്ക് വിഡിയോകളിലൂടെയാണ് സൊനാലി ഫോഗട്ട് ഏറെ പ്രശസ്തയായത്. 2020ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലും പ​ങ്കെടുത്തിരുന്നു.

2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിസാർ ജില്ലയിലെ ആദംപൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കുൽദീപ് ബിഷ്‍ണോയിയോട് പരാജയപ്പെടുകയായിരുന്നു. ബിഷ്‍ണോയി ഈയിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു. തുടർന്ന് ആദംപൂരിലെ ഉപപതെരഞ്ഞെടുപ്പിൽ സൊനാലി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു. ബിഷ്‍ണോയി മകനെ സ്ഥാനാർഥിയാക്കാനാണ് കരുക്കൾ നീക്കു​ന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച സൊനാലിയുമായി ബിഷ്ണോയി കൂടിക്കാഴ്ച നടത്തിയിരുന്നു.

'സോനാലി ഫോഗട്ട് അന്തരിച്ചു. അവർ ഗോവയിലായിരുന്നുവെന്നാണ് ലഭിച്ച വിവരം.' -ഹരിയാന ബി.ജെ.പി അധ്യക്ഷൻ ഒ.പി. ധൻകർ വാർത്താ ഏജൻസിയോട് പറഞ്ഞു. സോനാലിയുടെ സഹായിയുമായി സംസാരി​ച്ചെന്നും ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്നും ഹിസാർ ജില്ല ബി.ജെ.പി അധ്യക്ഷൻ ക്യാപ്റ്റൻ ഭൂപേന്ദർ പറഞ്ഞു. 

സോനാലിയുടെ ഭർത്താവ് സഞ്ജയ് ഫോഗട്ട് ആറു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സഞ്ജയ് ഫോഗട്ടിന്റെ മൃതദേഹം ഫാംഹൗസിലെ വയലിൽ കണ്ടെത്തുകയായിരുന്നു. ദമ്പതികൾക്ക് ഒരു മകളാണുള്ളത്. 


Tags:    
News Summary - BJP leader Sonali Phogat dies in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.