ബി.ജെ.പി നേതാവിന്റെ ആഹ്വാനം അസ്വസ്ഥപ്പെടുത്തുന്നു -സുപ്രീംകോടതി

ന്യൂഡൽഹി: മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്‍കരിക്കാൻ ബി.ജെ.പി എം.പി പർവേഷ് വർമ ഏറ്റവുമൊടുവിൽ നടത്തിയ ആഹ്വാനമാണ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ അടിയന്തര ഇടപെടലിലേക്ക് നയിച്ചത്.

ബെഞ്ചിലെ രണ്ടാമത്തെ ജഡ്ജി ജസ്റ്റിസ് ഋഷികേശ് റോയ് ബി.ജെ.പി നേതാവിന്റെ ആഹ്വാനം അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരായ ഹരജികൾ കേട്ട ശേഷവും ഒരു നടപടിയുമുണ്ടാകാത്തതിലും കുറ്റകൃത്യം വർധിച്ചുവരുന്നതിലുമാണ് സിബൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ബെഞ്ച് തുടർന്നു.

മൗലികാവകാശങ്ങളും നിയമവാഴ്ച, രാഷ്ട്രത്തിന്റെ മതേതര ജനാധിപത്യ സ്വഭാവം തുടങ്ങിയ ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട്. വിഷയം ഈ കോടതിയുടെ പരിശോധനയും ഇടക്കാല ഉത്തരവും അർഹിക്കുന്നുണ്ട്.

ബി.ജെ.പി നേതാവിന്റെ ആഹ്വാനം ഒരു സമുദായത്തിനെതിരാണെന്നും കോടതി ഇത് കണ്ടിട്ടില്ലേയെന്നും ജസ്റ്റിസ് റോയ് ചോദിച്ചു. പാർലമെന്റിൽ പറയുന്നതിന് സംരക്ഷണമുണ്ടാകാമെന്നും ഇത് കോടതിയാണെന്നും ഇവിടെ സംരക്ഷണമുണ്ടാകില്ലെന്നും ഒരു സമുദായത്തിന് എതിരെയുള്ള പ്രസ്താവനകൾ ഉയർത്തിക്കാണിച്ച സിബലിനോട് ജഡ്ജി പറഞ്ഞു.

വളരെ ശ്രദ്ധയോടെയല്ലേ ഈ പറയുന്നത് എന്ന് ചോദിച്ച ജസ്റ്റിസ് റോയിയോട് അതേയെന്ന് സിബൽ മറുപടി നൽകി. ഇത്തരത്തിലുള്ള പ്രസ്താവന ആര് നടത്തിയാലും അപലപനീയമാണെന്ന് ജസ്റ്റിസ് റോയ് പ്രതികരിച്ചു. ഡൽഹി വംശീയാക്രമണത്തിന് നിമിത്തമായ വിവാദ വിദ്വേഷപ്രസംഗം നടത്തിയതിന് ഡൽഹി പൊലീസ് വർമക്കെതിരെ നടപടി എടുത്തിട്ടില്ല.

ഹരജിക്കാരനായ ശഹീൻ അബ്ദുല്ലക്കുവേണ്ടി ഹാജരായ കപിൽ സിബൽ തങ്ങൾ നിരവധി പരാതികൾ നൽകിയിട്ടും ഈ കോടതിയും അധികാരികളും ഒരു നടപടിയുമെടുത്തില്ലെന്ന് കുറ്റപ്പെടുത്തി. ദിനേനയെന്ന തോതിൽ ഇക്കൂട്ടർ ഇത്തരം പരിപാടികളിൽ പങ്കെടുക്കുകയാണ്.

വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.പി.എ ചുമത്താൻ കഴിയുന്ന കാര്യത്തിൽ ബെഞ്ച് സംശയം പ്രകടിപ്പിച്ചപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ധരം സൻസദുകളിലും രാഷ്ട്രീയ പരിപാടികളിലും നടന്ന വിദ്വേഷപ്രസംഗ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കണമെന്ന് സിബൽ ആവശ്യപ്പെട്ടു.

മുസ്‍ലിംകളും വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നില്ലേ എന്ന് ജസ്റ്റിസ് ജോസഫ് ചോദിച്ചപ്പോൾ അങ്ങനെയുള്ള ഒരാളെയും വെറുതെ വിടരുത് എന്ന് സിബലും പ്രതികരിച്ചു.

Tags:    
News Summary - BJP leader's call disturbing -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.