ന്യൂഡൽഹി: അഞ്ചു നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്താൻ ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ യോഗം ചൊവ്വാഴ്ച ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി കേന്ദ്ര ആസ്ഥാനത്ത് ചേരും. ബി.ജെ.പി വൻവിജയം നേടിയ മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെക്കുറിച്ച് യോഗം ചർച്ചചെയ്യും.
ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനു പുറമെ ബി.ജെ.പി പാർലമെന്ററി ബോർഡും മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.
മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ബി.ജെ.പി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ജനറൽ സെക്രട്ടറിമാരുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേർത്തിട്ടുണ്ടെന്നും പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ പറഞ്ഞു. മധ്യപ്രദേശിലെ ഇന്ദോറിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിജയവർഗ്യ ഉന്നത ബി.ജെ.പി നേതാക്കളെ കാണാൻ ചൊവ്വാഴ്ച പാർലമെന്റ് മന്ദിരത്തിലെത്തിയപ്പോഴാണ് ഇക്കാര്യമറിയിച്ചത്.
വരും ദിവസങ്ങളിൽ നടത്തുന്ന കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പി ജയിച്ച മൂന്നു സംസ്ഥാനങ്ങളിലും ആര് മുഖ്യമന്ത്രിയാകുമെന്ന് തീരുമാനിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമാകുന്ന തരത്തിലായിരിക്കും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുക.
ലോക്സഭ തെരഞ്ഞെടുപ്പിന് കേവലം നാലു മാസം മാത്രം ബാക്കിനിൽക്കെ നിലവിലുള്ള മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ മാറ്റി മറ്റൊരാളെ കൊണ്ടുവരുന്നത് പ്രതികൂലമായി ബാധിക്കുമോ എന്ന ചിന്ത ബി.ജെ.പിയിലുണ്ട്. ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കാതെയും അദ്ദേഹത്തിന്റെ ‘ലാഡ്ലി ബഹൻ’ പദ്ധതിയെക്കുറിച്ച് പരാമർശിക്കാതെയുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കത്തിൽ പ്രചാരണം നടത്തിയിരുന്നത്.
ശിവരാജല്ല, ഭാവി മുഖ്യമന്ത്രി എന്ന് സ്ഥാപിക്കാനായിരുന്നു മൂന്നു കേന്ദ്രമന്ത്രിമാരടക്കം ഏഴു ബി.ജെ.പി എം.പിമാരെയും പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യയെയും മത്സരത്തിനിറക്കിയതും. എന്നിട്ടും ബി.ജെ.പി പിന്നിലാണെന്ന് കണ്ടതോടെ നിലപാട് മാറ്റിയ മോദി പിന്നീട് ശിവരാജിനെ വാഴ്ത്തിയും ‘ലാഡ്ലി ബഹൻ’ അടക്കമുള്ള അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളെ ഉയർത്തിക്കാണിച്ചുമാണ് വോട്ടുചോദിച്ചത്.
ഇത്തരമൊരു സാഹചര്യത്തിൽ ശിവരാജിനെ ഇപ്പോൾ മുഖ്യമന്ത്രിയാക്കി, ഒരു വർഷത്തിനുശേഷം ഇറക്കുന്ന കാര്യവും ആലോചനയിലുണ്ട്. ശിവരാജിനെ മാറ്റുകയാണെങ്കിൽ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് പട്ടേൽ, ഫഗ്ഗൻ സിങ് കുലസ്തെ, നരേന്ദ്ര സിങ് തോമർ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്.
രാജസ്ഥാനിൽ നേരത്തേ രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെക്ക് മൂന്നാമതൊരു അവസരംകൂടി നൽകില്ല എന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് മഹന്ത് ബാലക്നാഥിനെ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ, പാർട്ടിവൃത്തങ്ങൾ ഇത്തരമൊരു സൂചന നൽകുന്നില്ല.
രാജെക്കൊപ്പം നിൽക്കുന്ന നിരവധി എം.എൽ.എമാർ പാർട്ടിയിലുള്ളതിനാൽ ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ അവരെ ബി.ജെ.പി പിണക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഇരുവരെയും കൂടാതെ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്, അർജുൻ സിങ് മേഘ്വാൾ, ജാട്ട് നേതാവ് സതീശ് പുനിയ, ലോക്സഭ സ്പീക്കർ ഓം ബിർള തുടങ്ങിയവരുടെ പേരുകളാണ് കേൾക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാണിക്കാതെ ഛത്തിസ്ഗഢും പിടിച്ച ബി.ജെ.പി ആർ.എസ്.എസിന് അനഭിമതനായ മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനെ തഴഞ്ഞാൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ അരുൺ സാഹു, പ്രതിപക്ഷനേതാവ് നാരായൺ ചന്ദേൽ, മുൻ പ്രതിപക്ഷനേതാവ് ധരംലാൽ കൗശിക്, ആദിവാസി വനിത നേതാക്കളായ രേണുക സിങ്, ലത ഉസേണ്ടി എന്നിവരിൽ ആർക്കെങ്കിലും നറുക്കുവീണേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.