ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയെ മാറ്റാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രകടനത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായ ഉടന്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബി.എസ്. യെദ്യൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ് ബൊമ്മൈ മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാൽ, ബൊമ്മൈയുടെ മണ്ഡലമായ ഹനഗലിൽ ഉൾപ്പെടെ ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം ബി.ജെ.പി നേരിടേണ്ടി വന്നു. ഇതിൽ നേരത്തെ തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഈ തോൽവി 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് നേതൃനിരയെ മാറ്റിപ്പണിയാന്‍ ബി.ജെ.പി തീരുമാനിക്കുന്നത്. കൂടാതെ നിരവധി സംസ്ഥാന മന്ത്രിമാരും എം.എൽ.എമാരും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചതും കാരണമായി പറയപ്പെടുന്നു.
സംസ്ഥാന ഘടകത്തെ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെ മാറ്റിയതിന് ശേഷം മന്ത്രിസഭയെയും പുനഃസംഘടിപ്പിച്ചേക്കുമെന്ന് ബി.ജെ.പി ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.