അഗർത്തല: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ തോറ്റ ബി.ജെ.പി, എം.എൽ.എമാരെ വാങ്ങി ജനാധിപത്യവിരുദ്ധമായി പിൻവാതിലിലൂടെ സർക്കാർ രൂപീകരിച്ചെന്ന് സി.പി.ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി ലഭിക്കാതെ വന്നതോടെ എം.എൽ.എമാരെ വിലക്കുവാങ്ങിയാണ് ബി.ജെ.പി ഗോവ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സർക്കാരുണ്ടാക്കിയതെന്ന് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു.
"അവർക്ക് (ബി.ജെ.പി) ഇപ്പോൾ രാജ്യം ഭരിക്കാൻ ഒരേയൊരു ഉപകരണം മാത്രമേയുള്ളൂ. ഇതാണ് പരസ്പരം വിദ്വേഷം വളർത്തുന്ന വർഗീയ തന്ത്രം. എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പട്ടിണിയും മറ്റ് പല വഴികളിലൂടെയും കഷ്ടപ്പെടുന്നു. രാജ്യത്ത് ഇപ്പോൾ പരമാവധി തൊഴിൽ രഹിതരുണ്ട്" -അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സർക്കാർ കോടീശ്വരന്മാരുടെ 11 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പ എഴുതിത്തള്ളിയെന്നും തെറ്റായ നയങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തെന്നും യെച്ചൂരി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ അടിക്കടി സന്ദർശനം നടത്താറുണ്ടെന്നും ജനങ്ങളെ കബളിപ്പിക്കാനും തെരഞ്ഞെടുപ്പ് മൈലേജ് നേടാനുമുള്ള പഴയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി അടുത്ത ആഴ്ച ത്രിപുരയിൽ വന്ന് ഇവിടെയും അത് തന്നെ ചെയ്യും" -യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.