അഹ്മദാബാദ്: ഗുജറാത്തിൽ കഷ്ടിച്ച് ഭരണം നിലനിർത്തിയ ബി.ജെ.പിക്ക് മോദിയുടെ ജന്മനാട്ടിൽ കനത്ത തിരിച്ചടി. മെഹ്സാന ജില്ലയിലെ ഉൗഞ്ച മണ്ഡലമാണ് കോൺഗ്രസ് അട്ടിമറിയിലൂടെ പിടിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട് സ്ഥിതിചെയ്യുന്ന വഡ്നഗർ ഇൗ മണ്ഡലത്തിലാണ്.
അഞ്ചുതവണ എം.എൽ.എയായ ബി.ജെ.പിയുടെ മുതിർന്ന നേതാവ് നാരായൺഭായ് പാട്ടീലിനെ കോൺഗ്രസിലെ ആശാബെൻ പാട്ടീലാണ് 19,529 വോട്ടിന് പരാജയപ്പെടുത്തിയത്. 79കാരനായ നാരായൺഭായ് പാട്ടീലിനോട് 2012ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആശാബെൻ ഇത്തവണ പകരംവീട്ടി. ആശക്ക് 81,797 വോട്ട് ലഭിച്ചപ്പോൾ സിറ്റിങ് എം.എൽ.എ നാരായൺഭായിക്ക് 62,268 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഇദ്ദേഹം 24,000 വോട്ടിനാണ് ഇവിടെനിന്ന് ജയിച്ചത്. കോൺഗ്രസിെൻറ വൻ വിജയത്തിന് തുണയായത് ബി.ജെ.പിക്കെതിരെ തിരിഞ്ഞ പാട്ടീദാർമാരും താകോർമാരുമാണ്. ഗുജറാത്ത് സർക്കാറിനെ പിടിച്ചുലച്ച പാട്ടീദാർ സംവരണ സമരത്തിെൻറ മുഖ്യകേന്ദ്രമാണ് മെഹ്സാന. ഉൗഞ്ചയിലെ 2.12 ലക്ഷം വോട്ടർമാരിൽ 77,000ത്തിലേറെ പേർ പാട്ടീദാർ സമുദായക്കാരാണ്.
ഏതാണ്ട് അരലക്ഷം താകോർമാരുമുണ്ട്. മുൻകാലങ്ങളിൽ ബി.ജെ.പിക്കൊപ്പംനിന്ന ഇരുസമുദായങ്ങളും ഇത്തവണ തിരിച്ചടിച്ചതാണ് മോദിയുടെ ജന്മനാട്ടിൽ പാർട്ടിയെ തറപറ്റിച്ചത്. മോദിയും രാഹുൽ ഗാന്ധിയും വട്നഗറിൽ പ്രസംഗിച്ചിരുന്നു. മെഹ്സാന ജില്ലയിൽ ബി.ജെ.പിക്ക് കഴിഞ്ഞ തവണ ഏഴു സീറ്റുണ്ടായിരുന്നിടത്ത് ഇത്തവണ അഞ്ചായി കുറഞ്ഞു. രണ്ട് സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.