ന്യൂഡൽഹി: മുതിർന്ന നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കമൽനാഥ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആവർത്തിച്ച് സംസ്ഥാന നേതാക്കൾ. കമൽനാഥ് എവിടെയും പോകുന്നില്ലെന്നും കോൺഗ്രസിൽ തുടരുമെന്നും പി.സി.സി അധ്യക്ഷൻ ജിതു പട്വാരിയും മുതിർന്ന നേതാവ് ദിഗ്വിജയ്സിങ്ങും പറഞ്ഞു. ഡൽഹിയിൽ കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയ അടുത്ത സുഹൃത്ത് സജ്ജൻസിങ് വർമയും കമൽനാഥിന്‍റെ കൂടുമാറ്റ അഭ്യൂഹങ്ങൾ നിഷേധിച്ചു.
ബി.ജെ.പി മാധ്യമങ്ങളെ ദുരുപയോഗിച്ച് ഒരു മനുഷ്യന്‍റെ ആത്മാർഥത ചോദ്യം ചെയ്യുകയാണെന്ന് ജിതു പട്വാരി കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ വരുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് തന്നോട് സംസാരിച്ചപ്പോൾ കമൽനാഥ് പറഞ്ഞത്. താനൊരു കോൺഗ്രസുകാരനാണെന്നും കോൺഗ്രസിൽ തുടരുമെന്നും കമൽനാഥ് ആവർത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നെഹ്റു കുടുംബവുമായി അദ്ദേഹത്തിനുള്ള ബന്ധം തകർക്കാനാവാത്തതാണ്. കോൺഗ്രസിന്‍റെ ആശയങ്ങൾക്കൊപ്പം നീങ്ങുന്ന അദ്ദേഹം ജീവിതാവസാനം വരെ അങ്ങനെ തന്നെയായിരിക്കും. ഇതാണ് അദ്ദേഹം തന്നോട് പറഞ്ഞത്.
ബി.ജെ.പിയിലേക്കു പോകുന്നുവെന്ന അഭ്യൂഹം നിഷേധിക്കാൻ കമൽനാഥ് തയാറാകാത്തത് എന്താണെന്നായി മാധ്യമ പ്രവർത്തകർ. ഉചിതമായ സമയത്ത് അദ്ദേഹം കാര്യങ്ങൾ സംസാരിക്കുമെന്ന് പട്വാരി പറഞ്ഞു. താൻ പറഞ്ഞതത്രയും അദ്ദേഹത്തിനു വേണ്ടിയാണ്. കമൽനാഥിനെ കണ്ടിറങ്ങിയ സജ്ജൻസിങ് വർമയും ഇതുതന്നെ ആവർത്തിച്ചു. മാധ്യമങ്ങൾ ഉണ്ടാക്കിയ അഭ്യൂഹങ്ങൾ മാധ്യമങ്ങൾ തന്നെ തിരുത്തട്ടെ എന്ന മട്ടിലാണ് അദ്ദേഹം സംസാരിച്ചതെന്നും സജ്ജൻസിങ് വർമ പറഞ്ഞു.
താൻ ചെന്നുകണ്ടപ്പോൾ കമൽനാഥ് ഒരു കുറിപ്പടിയുമായി കണക്കുകൂട്ടലുകളിലാണ്. മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ ലോക്സഭ സീറ്റ് വിതരണം എങ്ങനെ നടത്തണമെന്നും ജാതി സമവാക്യങ്ങൾ എങ്ങനെയായിരിക്കണം എന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി വിടുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നില്ല. ആരോടും പറഞ്ഞിട്ടുമില്ല -സജ്ജൻസിങ് വർമ പറഞ്ഞു. ഇതിനിടെ, കമൽനാഥിനെ ബി.ജെ.പിയിലേക്ക് ആനയിക്കുന്നതിൽ മധ്യപ്രദേശിലെ മുൻ കോൺഗ്രസുകാരനും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.