ലഖ്നോ: പൊലീസ് കോൺസ്റ്റബിളിനെ മർദിച്ച് മൂത്രം കുടിപ്പിക്കുകയും സ്വർണവും പണവും കവരുകയും ചെയ്ത സംഭവത്തിൽ ഉത്തർ പ്രദേശ് ബി.ജെ.പി എം.എൽ.എ കിഷൻ ലാൽ രജ്പുതിനെതിരെ കേസെടുത്തു. കിഷൻ ലാലിനും അനന്തരവനും 50 പേർക്കുമെതിരെയാണ് കേസ്. കോൺസ്റ്റബിൾ മോഹിത് ഗുർജറാണ് അക്രമിത്തിനിരയായത്.
സംഭവം കോൺസ്റ്റബിൾ വിവരിക്കുന്നതിങ്ങനെ: ബൈക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് രാഹുൽ എന്ന വാഹന വിൽപനക്കാരനുമായി നേരത്തെ പ്രശ്നമുണ്ടായിരുന്നു. വിൽപനക്കാരന്‍റെ പിഴവ് മൂലം ബൈക്ക് രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല. ഇതേതുടർന്ന് ബൈക്ക് തിരികെ നൽകി പണം ആവശ്യപ്പെട്ടിരുന്നു.
പണം നൽകാനെന്ന പേരിൽ വാഹന വിൽപനക്കാരൻ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തെത്തുമ്പോൾ രാഹുലിന്‍റെ കൂടെ ബി.ജെ.പി എം.എൽ.എ കിഷൻ ലാൽ രജ്പുതിന്‍റെ അനന്തരവൻ ഋഷഭും സംഘവും ഉണ്ടായിരുന്നു. സംഘം അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. വെടിവെച്ചെങ്കിലും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. സ്വർണ മാലയും പേഴ്സും അവർ കവർന്നു. അസം റോഡ് പൊലീസ് പോസ്റ്റിലെത്തി വിവരം അറിയിച്ചതോടെ എം.എൽ.എയും സംഘവും അവിടെയെത്തി. ഷൂ കൊണ്ട് എം.എൽ.എ അടിച്ചു. സഹായികളോട് മൂത്രം കുടിപ്പിക്കാനും എം.എൽ.എ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന പൊലീസുകാർ കാഴ്ചക്കാരായി നിന്നു -മോഹിത് പറയുന്നു.
സംഭവത്തിൽ കോൺസ്റ്റബിൾ മോഹിത് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെട്ടതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായത്.
യു.പിയിലെ ബർഖേര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആണ് കിഷൻ ലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.