ലഖ്നോ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ തെരഞ്ഞെടുപ്പ് റാലിക്കിടയിലുണ്ടായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റോബർട്‌സ്ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എയായ ഭൂപേഷ് ചൗബെ പ്രചാരണ വേദിയിൽ ഏത്തമിട്ട് വോട്ടർമാരോട് ക്ഷമാപണം നടത്തുന്നതാണ് വിഡിയോയിലുള്ളത്.
ഇത് വോട്ടെടുപ്പ് ഗിമ്മിക്കാണോ അതോ പശ്ചാത്താപമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, വിഡിയോക്ക് വലിയ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ജാർഖണ്ഡിലെ മുൻ ആരോഗ്യമന്ത്രിയും എം.എൽ.എയുമായ ഭാനു പ്രതാപ് ഷാഹി മുഖ്യാതിഥിയായി എത്തിയ പ്രചാരണറാലിക്കിടയിലാണ് സംഭവം.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ അവിനാഷ് കുശ്‌വാഹയെ പരാജയപ്പെടുത്തിയാണ് ചൗബെ എം.എൽ.എയാകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ താൻ എന്തെങ്കിലും തെറ്റുകൾക്ക് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ഏത്തമിട്ട്കൊണ്ട് ചൗബെ പറഞ്ഞു. 2017ലെ തെരഞ്ഞെടുപ്പിൽ നിങ്ങളെല്ലാവരും അനുഗ്രഹങ്ങൾ നൽകി വിജയിപ്പിച്ചതുപോലെ ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയെ വിജയിപ്പിക്കണമെന്ന് ചൗബെ കൂട്ടിച്ചേർത്തു. വേദിയിലെ നാടകീയ രംഗങ്ങളെ ജനക്കൂട്ടം ആർപ്പുവിളികളോടും മുദ്രാവാക്യങ്ങളോടും കൂടിയാണ് സ്വീകരിച്ചത്.
മണ്ഡലത്തിലെ ആവശ്യങ്ങൾ അറിയിക്കാന്‍ ഫോൺ വിളിച്ചാൽ എടുക്കാത്ത ചൗബേയോട് വോട്ടർമാർക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.