ന്യൂഡൽഹി: ഇതര ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിെൻറ പേരിൽ ഭീഷണി നേരിട്ട ബി.ജെ.പി എം.എൽ.എയുടെ മകളെയും ഭ ർത്താവിനെയും ഹൈകോടതി വളപ്പിൽ അജ്ഞാത സംഘം ആക്രമിച്ചു. യു.പിയിലെ ബി.ജെ.പി എം.എൽ.എ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മ ിശ്ര, ഭർത്താവ് അജിതേഷ് കുമാർ എന്നിവരെയാണ് അലഹബാദ് ഹൈകോടതി വളപ്പിൽ മർദിച്ചത്. ഇരുവരും പൊലീസ് സുരക്ഷ നേടിയശേഷം കോടതിയിൽനിന്ന് ഇറങ്ങുേമ്പാഴാണ് സംഭവം.
പിതാവിൽനിന്ന് ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് സാക്ഷി മിശ്ര ദിവസങ്ങൾക്കു മുമ്പ് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സുരക്ഷയൊരുക്കാൻ ജഡ്ജി ഉത്തരവിട്ടിരുന്നു. ദലിതനായ അജിതേഷിനെ വിവാഹം ചെയ്തതിൽ പ്രകോപിതരായ പിതാവും സഹോദരനും തങ്ങളെ കൊല്ലാൻ ഗുണ്ടകളെ അയക്കുന്നുവെന്നും തങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും അപേക്ഷിച്ച് കഴിഞ്ഞ ദിവസം സാക്ഷി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു. ഭീഷണിയുള്ള നിലക്ക് പൊലീസ് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയിൽ ഹരജി സമർപ്പിക്കുകയും ചെയ്തു. ഈ ഹരജി അനുവദിച്ച ദിവസമാണ് പുതിയ സംഭവവികാസങ്ങൾ.
അതിനിടെ, കോടതി പരിസരത്ത് മറ്റൊരു ദമ്പതികളെ തോക്കു ചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോയത് വലിയ നാടകീയത സൃഷ്ടിച്ചു. ഇവരും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചതായിരുന്നു. എന്നാൽ, ഇത് സാക്ഷിയും അജിതേഷുമാണെന്ന് പലരും തെറ്റിദ്ധരിച്ചു. പിന്നീട് ഈ ദമ്പതികളെ അലഹബാദ് പൊലീസ് ഫത്തേപൂർ ജില്ലയിൽനിന്ന് കണ്ടുപിടിച്ചു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.