ബംഗളൂരു: ബി.ജെ.പി നേതാവും എം.എൽ.സിയുമായ എ.എച്ച്. വിശ്വനാഥിന്റെ മകൻ പൂർവജ് വിശ്വനാഥ് കോൺഗ്രസിൽ ചേരും. കഴിഞ്ഞദിവസം മൈസൂരു നഞ്ചൻഗുഡിലെ തഗദൂരിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ പൂർവജ് പങ്കെടുത്തിരുന്നു.
കോൺഗ്രസിൽ ചേരുന്ന കാര്യം മുതിർന്ന നേതാവ് സിദ്ധരാമയ്യയെ അറിയിച്ചതായും അദ്ദേഹം അനുകൂലമായി പ്രതികരിച്ചതായും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ കൈകളെ ശക്തിപ്പെടുത്താനാണ് ഞാൻ കോൺഗ്രസിൽ ചേരുന്നത്. അദ്ദേഹം അടുത്ത മുഖ്യമന്ത്രിയാവുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും. ദാവൻഗരെയിൽ സിദ്ധരാമയ്യയുടെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതായും പൂർവജ് വിശ്വനാഥ് വെളിപ്പെടുത്തി.
ജെ.ഡി-എസിന്റെ മുൻ സംസ്ഥാന അധ്യക്ഷനാണ് പൂർവജിന്റെ പിതാവ് വിശ്വനാഥ്. ഹുൻസൂർ എം.എൽ.എയായിരുന്ന അദ്ദേഹം, ജെ.ഡി-എസ് - കോൺഗ്രസ് സഖ്യ സർക്കാറിൽ ബി.ജെ.പി നടത്തിയ ഓപറേഷൻ താമരയുടെ ഭാഗമായി മറുകണ്ടം ചാടിയതിനെ തുടർന്ന് അദ്ദേഹത്തെ എം.എൽ.എ പദവിയിൽനിന്ന് അയോഗ്യനാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതിയുടെ പ്രത്യേക അനുമതി നേടി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റു.
ഒടുവിൽ വിശ്വനാഥിനെ യെദിയൂരപ്പ എം.എൽ.സി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തെങ്കിലും മന്ത്രിസ്ഥാനം നൽകാനായില്ല. സ്പീക്കർ അയോഗ്യനാക്കിയ ജനപ്രതിനിധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചാലല്ലാതെ മന്ത്രിപദവി നൽകാനാവില്ലെന്ന ഹൈകോടതി നിർദേശത്തെ തുടർന്നായിരുന്നു അത്. ഇപ്പോൾ ബി.ജെ.പിക്കകത്തെ വിമർശക സ്വരമായി നിൽക്കുകയാണ് എ.എച്ച്. വിശ്വനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.