ന്യൂഡൽഹി: ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ബലപ്രയോഗത്തിലൂടെ രാത്രി തന്നെ സംസ്കരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി എം.പി ഹൻസ് രാജ് ഹൻസ്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മതാചാരങ്ങൾക്ക് വിരുദ്ധമായി മൃതദേഹം സംസ്കരിച്ച പൊലീസുകാർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹൻസ് രാജ് ഹൻസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി.
ഹഥ്രസ് സംഭവത്തിൽ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തരുതെന്നും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഹൻസ് രാജ് ട്വീറ്റിലൂടെ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തിപരമായി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹഥ്രസിലെ മകൾക്ക് പൂർണ നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും ഹൻസ് രാജ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്കെഴുതിയ കത്തും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പുലർച്ചെയാണ് സ്വന്തം ഗ്രാമത്തിലെത്തിച്ചത്. അടുത്ത ബന്ധുക്കളെ മാത്രം കാണിച്ച ശേഷം വീട്ടിൽ പോലും എത്തിക്കാതെ പൊലീസ് നിശ്ചയിച്ച സ്ഥലത്ത് ദഹിപ്പിക്കുകയായിരുന്നു. മതാചാര പ്രകാരം നേരം പുലർന്ന ശേഷം സംസ്കാരം നടത്താൻ അനുവദിക്കണമെന്ന കുടുംബത്തിൻെറ ആവശ്യവും പൊലീസ് തള്ളി. വീട്ടുകാരെ പൂട്ടിയിട്ട ശേഷമാണ് മൃതദേഹം സംസ്കാരിക്കാൻ കൊണ്ടുപോയതെന്നും ചിത വേഗം കത്തിതീരാൻ പൊലീസ് അതിലേക്ക് മണ്ണെണ്ണ ഒഴിച്ചുവെന്നും ആരോപണമുയർന്നിരുന്നു. കേസിെൻറ ആദ്യം മുതൽ െപാലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുയരുന്നുണ്ട്.
സെപ്റ്റംബർ 14നാണ് വൈകീട്ടാണ് മാതാവിനൊപ്പം പുല്ലുവെട്ടാൻ പോയ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. നാലംഗ സംഘം പെൺകുട്ടിയെ പാടത്തിൽ നിന്നും ദുപ്പട്ട കഴുത്തിൽ ചുറ്റി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അക്രമികൾ പെൺകുട്ടിയുടെ നാവ് അരിഞ്ഞെടുക്കുകയും നട്ടെല്ല് തകർക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 29ന് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.