പട്ന: ബിഹാറിൽ എൻ.ഡി.എയും ജെ.ഡി.യുവും തമ്മിൽ സീറ്റ് ധാരണയിലെത്തി. ബി.ജെ.പി 17സീറ്റിലും നിതീഷ് കുമാറിന്റെ ജെ.ഡി.യു 16 സീറ്റിലും മത്സരിക്കും. ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി അഞ്ചു സീറ്റുകളിലും ജിതംറാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച, ഉപേന്ദ്ര കുഷവാഹയുടെ ആർ.എൽ.എം ഓരോ സീറ്റിലും വീതം ജനവിധി തേടും. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദെ ആണ് ഇക്കാര്യം അറിയിച്ചത്.
ജനുവരിയിലാണ് നിതീഷ് കുമാർ മഹാസഖ്യം വിട്ട് എൻ.ഡി.യിലേക്ക് മടങ്ങിയത്. ഈമാസാദ്യം ഔറംഗാബാദിൽ പ്രധാനമന്ത്രി പങ്കെടുത്ത എൻ.ഡി.എ റാലിയിൽ താൻ എക്കാലവും ഇനി എൻ.ഡി.എക്കൊപ്പമായിരിക്കുമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ജനതാദളും 17 സീറ്റുകളിൽ വീതമാണ് മത്സരിച്ചിരുന്നത്. ആകെയുള്ള 40 സീറ്റുകളിൽ 39 എണ്ണത്തിലും എൻ.ഡി.എ ആണ് വിജയിച്ചത്. എന്നാൽ 2022ൽ നിതീഷ് ബി.ജെ.പിയെ വിട്ട് ആർ.ജെ.ഡിക്കൊപ്പം ചേർന്ന് സർക്കാർ രൂപവത്കരിച്ചു മുഖ്യമന്ത്രിയായി.
ഏപ്രിൽ 19, 26,മേയ് 7, 13,20,25, ജൂൺ 1 തീയതികളിൽ ഏഴുഘട്ടങ്ങളിലായാണ് ഇക്കുറി ബിഹാറിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.