ഭുവനേശ്വർ: ഒഡിഷ ബി.ജെ.പി വൈസ് പ്രസിഡന്‍റ് ലേഖശ്രീ സാമന്തസിങ്കർ ബി.ജെ.ഡിയിൽ ചേർന്നു. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് ബി.ജെ.ഡിയിൽ ചേരുന്ന രണ്ടാമത്തെ ബി.ജെ.പി ഒഡിഷ വൈസ് പ്രസിഡന്‍റാണ് ലേഖശ്രീ. നേതൃത്വത്തിന്‍റെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ ലേഖശ്രീ വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷമായി എന്‍റെ വിയർപ്പും രക്തവും ബി.ജെ.പിക്ക് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, എത്ര ആത്മാർഥതയും കഠിനാധ്വാനവും പ്രകടിപ്പിച്ചിട്ടും നേതൃത്വത്തിന്‍റെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിനാൽ, എനിക്ക് ഒന്നും ഇവിടെ ചെയ്യാൻ ബാക്കിയില്ലെന്ന് തോന്നുന്നു. ഒഡിഷയിലെ ജനങ്ങളെ സേവിക്കാനുള്ള എന്‍റെ ആഗ്രഹം തടസ്സപ്പെടുകയാണ് -ലേഖശ്രീ കത്തിൽ പറഞ്ഞു.
പാർട്ടി എം.പിമാരായ മനസ് മങ്കരാജ്, സസ്മിത് പത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ലേഖശ്രീ ബി.ജെ.ഡിയിൽ ചേർന്നത്. തന്നെ സ്വീകരിച്ചതിന് ബി.ജെ.ഡിയോട് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ വികസന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പാർട്ടിക്ക് വേണ്ടി പരമാവധി പ്രവർത്തിക്കുമെന്നും ബി.ജെ.ഡിയിൽ ചേർന്ന ശേഷം ലേഖശ്രീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.