ജനവിധിയുടെ തൂക്കുപാലത്തിൽ ബി.ജെ.പി

ന്യൂഡൽഹി: 24 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിൽ നേരിടുന്ന വെല്ലുവിളികൾ പലത്. കോൺഗ്രസിനെ ചുരുട്ടിക്കെട്ടുന്ന പതിവിനു വിപരീതമായി ത്രികോണ മത്സരം നടക്കുന്നതിനൊപ്പം കടുത്ത ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പി നേരിടുന്നത്.പ്രധാനമന്ത്രി എന്ന നിലയിൽ ബി.ജെ.പിയുടെ തുറുപ്പു ചീട്ട് നരേന്ദ്ര മോദി തന്നെ. തന്ത്രങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷായുമുണ്ട്.

എന്നാൽ, തൊഴിലില്ലായ്മ, വിലക്കയറ്റം, മാന്ദ്യം എന്നിങ്ങനെ ബി.ജെ.പിക്ക് വെല്ലുവിളി പലതാണ്. ഏറ്റവുമൊടുവിൽ ജനമനസ്സിനെ ഉലച്ച് തൂക്കുപാല ദുരന്തവും. ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസിലെ മുഴുവൻ പ്രതികളെയും ജയിലിൽനിന്ന് വിട്ടയച്ചത് ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളെ രണ്ടു വിധത്തിൽ സ്വാധീനിക്കും. ഹിന്ദുത്വ ചിന്താഗതിക്കാർ അനുകൂലമാണെങ്കിലും മറ്റുള്ളവർക്കു മുന്നിൽ ബി.ജെ.പി പ്രതിക്കൂട്ടിലാണ്.

കർഷകർ അമർഷത്തിൽ. കനത്ത മഴമൂലം വിളനഷ്ടം നേരിട്ടവർക്ക് രണ്ടു വർഷമായി സർക്കാർ സഹായം കിട്ടിയില്ല. ഗുജറാത്തിൽ നല്ല റോഡുകളാണെന്ന പ്രചാരണം പൊളിഞ്ഞു നിൽക്കുന്നു. സംസ്ഥാന സർക്കാറോ നഗരസഭകളോ വർഷങ്ങളായി റോഡ് പരിപാലനത്തിൽ പിന്നാക്കം. റോഡുകൾ പൊട്ടിപ്പൊളിഞ്ഞു. മോദി മോഡൽ വികസന വായ്ത്താരികൾക്കിടയിലും ഉൾനാടുകൾ വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളിൽ തീരെ പിന്നാക്കം. കെട്ടിടങ്ങളുടെ അപര്യാപ്തത, അധ്യാപകരുടെയും ആശുപത്രി ജീവനക്കാരുടെയും കുറവ്. നിയമന പരീക്ഷകളിൽ ചോദ്യപേപ്പർ ചോർന്ന സംഭവങ്ങളിൽ യുവാക്കൾക്ക് രോഷം.

കനത്ത വൈദ്യുതി ബിൽ ജനങ്ങളുടെ അമർഷത്തിന് ആക്കം കൂട്ടുന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. പ്രതിമാസം 300 യൂനിറ്റ് സൗജന്യ വൈദ്യുതിയെന്ന ആപ്പിന്‍റെ സൗജന്യ വാഗ്ദാനം വോട്ടർമാരെ സ്വാധീനിക്കും. യൂനിറ്റിന് 7.50 രൂപയിൽ എത്തിനിൽക്കുന്ന നിരക്ക് കുറക്കാത്തതിൽ വ്യാപാരി-വ്യവസായികളും രോഷത്തിലാണ്. വികസനത്തിന്‍റെ പേരിൽ നടക്കുന്ന ഭൂമി ഏറ്റെടുക്കൽ-ക്രയവിക്രയ മരവിപ്പിക്കൽ നടപടികളിൽ സംശയവും പ്രതിഷേധവും നിലനിൽക്കുന്നു. അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി, വഡോദര-മുംബൈ എക്സ്പ്രസ് വേ പദ്ധതി എന്നിവ ഇന്നും വിവാദത്തിലാണ്.

Tags:    
News Summary - BJP on the election suspension bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.