ന്യൂഡൽഹി: മന്ത്രി ഹർഷ്വർധൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നേരിടാൻ ചോദ്യോത്ത ര വേള ദുരുപയോഗിച്ചതിനെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൈയാങ്കളിയു ടെ വക്കിൽ. സഭ നടപടി വെള്ളിയാഴ്ച പൂർണമായി സ്തംഭിച്ചു. ഡൽഹി തെരഞ്ഞെടുപ്പു പ്രചാര ണത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശമാണ് മന ്ത്രി വിഷയമാക്കിയത്. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ഇങ്ങനെ രൂക്ഷമായാൽ ആറുമാസത്തിനകം മോദിയെ യുവാക്കൾ വടിയെടുത്തു തല്ലുമെന്നാണ് രാഹുൽ പ്രസംഗിച്ചത്.
മെഡിക്കൽ കോളജുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ചോദ്യം ഉന്നയിച്ച അവസരമാണ് ഇതിന് മറുപടി നൽകാൻ മന്ത്രി ഹർഷ്വർധൻ ദുരുപയോഗിച്ചത്. രാഷ്ട്രീയ കാര്യങ്ങൾക്ക് ചോദ്യോത്തരവേള ഉപയോഗപ്പെടുത്തുന്നത് സഭാ കീഴ്വഴക്കങ്ങൾക്ക് എതിരാണ്. ‘സ്പീക്കർ ക്ഷമിക്കണം. ചോദ്യത്തിനു മറുപടി പറയുന്നതിനുമുമ്പ് ഒരു കാര്യം പറയാനുണ്ട്. പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി മോശം ഭാഷ ഉപയോഗിക്കുന്നതിനെ അപലപിക്കുന്നു’ എന്നിങ്ങനെ മന്ത്രി കുറിപ്പ് വായിച്ചുതുടങ്ങി. ചോദ്യത്തിന് മറുപടി പറയാൻ സ്പീക്കർ ഓം ബിർല ആവശ്യപ്പെട്ടെങ്കിലും മന്ത്രി വകവെച്ചില്ല. ഇതേതുടർന്ന് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ കുതിച്ചെത്തി. തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് അംഗം മാണിക്യം ടാഗോർ ഭരണപക്ഷ ബെഞ്ചുകൾക്ക് അടുത്തേക്ക് നീങ്ങി മന്ത്രിയുടെ കൈയിൽനിന്ന് കുറിപ്പ് തട്ടിപ്പറിക്കാൻ ശ്രമിച്ചു.
അതു തടയാൻ ബി.ജെ.പി അംഗങ്ങൾ ഓടിയെത്തി. യു.പിയിൽനിന്നുള്ള ബ്രിജ്ഭൂഷൺ ശരൺ സിങ്ങാകട്ടെ, മാണിക്യം ടാഗോറിെൻറ കൈയിൽ കയറിപ്പിടിച്ചു. ഹൈബി ഈഡൻ തടയാനെത്തി. മന്ത്രി സ്മൃതി ഇറാനി ഇടയിൽ കയറിനിന്ന് ‘എന്താണ് ചെയ്യുന്നത്’ എന്ന് രോഷത്തോടെ ചോദിച്ചു. കുലുക്കമില്ലാതെ പ്രസ്താവന തുടർന്നുവായിക്കാൻ ഹർഷ്വർധൻ ശ്രമിക്കുന്നതിനിടെ സ്പീക്കർ നടപടി നിർത്തിവെച്ചു. തുടർന്നു രണ്ടുവട്ടം സമ്മേളിച്ചെങ്കിലും സമാധാനാന്തരീക്ഷത്തിലായിരുന്നില്ല. രാഹുലും മാണിക്യവും മാപ്പുപറയണമെന്ന് ബി.ജെ.പിയും മന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷവും ശഠിച്ചു. സ്പീക്കർ ഇരുപക്ഷത്തിെൻറയും യോഗം വിളിച്ചിട്ടും ഒത്തുതീർപ്പായില്ല. ഡൽഹിയിൽ ശനിയാഴ്ച വോട്ടെടുപ്പു നടക്കാനിരിക്കെയാണ് മോദിക്കെതിരെ രാഹുൽ പറഞ്ഞത് ബി.ജെ.പി വിഷയമാക്കിയത്.
മോദിക്ക് അന്തസ്സോടെ പെരുമാറാൻ അറിയില്ല – രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പദവിയുടെ അന്തസ്സ് പാലിച്ച് പെരുമാറാൻ അറിയില്ലെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് നിലയും വിലയുമുണ്ട്. പെരുമാറ്റത്തിന് ഒരു രീതിയുണ്ട്. നമ്മുടെ പ്രധാനമന്ത്രിക്ക് അതില്ല. പാർലമെൻറിൽ ഭരണപക്ഷം പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ പ്രതികരണം ട്യൂബ് ലൈറ്റ് കത്തുന്നതു പോലെ വൈകി മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് കഴിഞ്ഞ ദിവസം മോദി പരിഹസിച്ചിരുന്നു. ഇതേക്കുറിച്ചായിരുന്നു രാഹുലിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.