ന്യൂഡൽഹി: ജമ്മു-കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസം മുമ്പ് കോൺഗ്രസ്-എൻ.സി സഖ്യത്തിന് അനുകൂലമായ ജനവിധി ഇല്ലാതാക്കാൻ ബി.ജെ.പി അധികാര പ്രയോഗത്തിലൂടെ ദുരുദ്ദേശ്യപരമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് കോൺഗ്രസ്. ഇത്തരം മോശം കളികൾ തടയാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും പാർട്ടി പറഞ്ഞു.
‘ആസന്നമായ തോൽവിയെ അഭിമുഖീകരിക്കുമ്പോൾ ഭൂരിപക്ഷം നേടുന്നതിനായി ബി.ജെ.പി നിരാശാപൂണ്ട കളികൾ കളിക്കുകയാണെന്നും തന്ത്രങ്ങളിൽ സഹായിക്കുന്ന തൂക്കുസഭയെ ആണ് അവർ പ്രതീക്ഷിക്കുന്നതെന്നും’ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ പറഞ്ഞു. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് ജമ്മു കശ്മീരിലെ ജനങ്ങൾ വ്യക്തമായ ജനവിധി നൽകിയിട്ടുണ്ടെന്ന് അവർക്കറിയാം. ഈ ജനാധിപത്യ പ്രക്രിയയെ പഴയപടിയാക്കാൻ അവർ സ്വയം പ്രഖ്യാപിത വ്യാജ ‘ചാണക്യ നീതി’യുടെ പഴയ വഴികൾ അവലംബിക്കുന്നു. സഖ്യത്തിന് അനുകൂലമായ ജനവിധിയെ നിഷേധിക്കാൻ അധികാര പ്രയോഗത്തിലൂടെ ക്ഷുദ്രകരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് പറയാൻ ഞങ്ങൾക്ക് വ്യക്തമായ അടിസ്ഥാനം ഉണ്ടെന്നും രമേശ് പറഞ്ഞു.
ജമ്മു കശ്മീരിലെ ജനവിധിയിൽ അവർക്ക് അപായം മണത്തുതുടങ്ങിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാൽ പറഞ്ഞു. ഐ.എൻ.സി-എൻ.സി സഖ്യം ചരിത്ര വിജയത്തിലേക്കുള്ള പാതയിലാണ്. എന്നാൽ ജനാധിപത്യ വിധിയെ സ്വീകരിക്കാൻ ബി.ജെ.പി തയ്യാറല്ല. കൂടാതെ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഇത് അട്ടിമറിക്കാൻ പദ്ധതിയിടുകയാണ്. അവരുടെ എല്ലാ വൃത്തികെട്ട തന്ത്രങ്ങൾക്കെതിരെയും ഞങ്ങൾ ജാഗരൂകരാണ്. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ അവരെ അനുവദിക്കില്ല. സ്ഥാപനങ്ങളുടെ ദുരുപയോഗവും അധികാരകേന്ദ്രീകരണവും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.സി-കോൺഗ്രസ് സഖ്യത്തിന് സുഗമമായ ഭൂരിപക്ഷം ലഭിക്കുമെന്നും സമാന ചിന്താഗതിക്കാരായ പാർട്ടികൾക്കും വ്യക്തികൾക്കും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.