ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിലക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണമുയർത്തി ബി.ജെ.പി തമിഴ്നാട് ഘടകം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്.
കന്യാകുമാരി ജില്ലയിലെ മുളങ്ങുമൂട് സെന്‍റ് ജോസഫ്സ് മെട്രിക് ഹയർ സെക്കൻഡറി സ്കൂളിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമാണെന്നും ഇത് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി തമിഴ്നാട് തെരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്ന വി. ബാലചന്ദ്രനാണ് പരാതി നൽകിയത്.
'രാജ്യത്ത് വളരെയധികം വെറുപ്പ് പടരുന്നു. ഭയവും. അതിനാൽ നാം പോരാടണം. വിഭജനത്തോടും വെറുപ്പിനോടും ഭയത്തോടും പോരാടി വീണ്ടും ഇന്ത്യയെ സന്തോഷിപ്പിക്കുകയും ഐക്യം വളർത്തുകയും പേടിയില്ലാതാക്കുകയും വേണം' -രാഹുലിന്‍റെ ഈ പരാമർശത്തിനെതിരെയാണ് ബി.ജെ.പിയുടെ പരാതി.
വിദ്യാഭ്യാസ സ്ഥാപനത്തിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രചാരണം പെരുമാറ്റച്ചട്ട ലംഘനമാണ്. പ്രസംഗത്തിൽ ഇന്ത്യയിൽ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് സമയമായെന്ന പരാമർശം രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കാവുന്നതാണെന്നും പരാതിയിൽ പറയുന്നു. യുവജനങ്ങളെ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് പ്രേരിപ്പിച്ചതിന് രാഹുലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ െചയ്യാൻ പൊലീസിന് നിർദേശം നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.