ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും ആഭ്യന്തര മന്ത്രിയായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചുമതലയേറ്റു. രാജ്യസുരക്ഷയും ജനക്ഷേമവുമാണ് മോദി സർക്കാറിെൻറ മുഖ്യ പരിഗണനയെന്ന് ചുമതലയേറ്റശേഷം ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി തന്നിലർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അമിത് ഷായെ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, രഹസ്യാന്വേഷണ വിഭാഗം തലവൻ രാജീവ് ജെയിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ആഭ്യന്തര സഹമന്ത്രിമാരായ ജി.കെ. റെഡ്ഡി, നിത്യാനന്ദ റായ് എന്നിവരും ശനിയാഴ്ച ചുമതലയേറ്റു.
ചുമതലയേറ്റ ആദ്യദിനംതന്നെ ഗവർണർമാരായ ജസ്റ്റിസ് പി. സദാശിവം (കേരള), സത്യപാൽ മാലിക് (ജമ്മു-കശ്മീർ), സി. വിദ്യാസാഗർ റാവു (മഹാരാഷ്ട്ര), ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് എന്നിവർ അമിത് ഷായെ സന്ദർശിച്ചു.
പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തിയ മന്ത്രി രാജ്നാഥ് സിങ്ങിനെ സഹമന്ത്രി ശ്രിപദ് നായിക്, പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചുമതലയേറ്റ ശേഷം സേന തലവൻ ജനറൽ ബിപിൻ റാവത്ത്, വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ ബി.എസ്. ധനോയ, പുതിയ നാവികസേന തലവൻ കരംബീർ സിങ് എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.