ന്യൂഡൽഹി: ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയെ പാർട്ടി കൈയൊഴിഞ്ഞുവെന്ന് ബി.ജെ.പി. അദാനിയെക്കുറിച്ച് പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ പിന്തുണയ്ക്കാനിറങ്ങാതെ എത്തിക്സ് കമ്മിറ്റി തീരുമാനിക്കട്ടെയെന്ന നിലപാടായിരുന്നു പാർട്ടിക്ക്. ഇതിന് പിന്നാലെയാണ് ബി.ജെ.പി വക്താവ് അമിത് മാളവ്യ രംഗത്തെത്തിയത്.
വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് വക്താവ് അറിയിച്ചത്. തൃണമൂലിന്റെ നിശ്ശബ്ദത സൂചിപ്പിക്കുന്നത് ആരോപണങ്ങൾ അംഗീകരിക്കുന്നുവെന്നാണോ അതോ പാർട്ടി എന്തെങ്കിലും ഒളിക്കുകയാണോ എന്നാണ് ബി.ജെ.പിയുടെ ആരോപണം.
പാർലമെന്റിൽ ചോദ്യം ചോദിക്കാനായി ഐ.ഡിയും പാസ്വേഡും നൽകിയതു വഴി മഹുവ ബിസിനസുകാരനിൽ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ''ഈ വിഷയത്തിൽ പാർട്ടിക്ക് ഒന്നും പറയാനില്ല. ആരോപണവിധേയയായ വ്യക്തി മറുപടി പറയും. ഞങ്ങൾ ഈ വിഷയത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരട്ടെ. എന്നാൽ ഇപ്പോൾ പ്രതികരിക്കാനില്ല.''-എന്നാണ് പാർട്ടി വക്താവ് കുനാൽ ഘോഷ് പറഞ്ഞത്.
എന്നാൽ മഹുവക്കെതിരെ നടപടിയെടുക്കാൻ തൃണമൂൽ കോൺഗ്രസിന് ഭയമാണോ എന്നാണ് ബി.ജെ.പി ചോദിക്കുന്നത്. മഹുവയെ മമത ബാനർജി കൈയൊഴിഞ്ഞതിൽ അതിശയിക്കാനൊന്നും ഇല്ല. അഭിഷേക് ബാനർജി ഒഴികെയുള്ള തൃണമൂൽ കോൺഗ്രസിന്റെ പല നേതാക്കളും അഴിമതിക്കേസിലും ക്രിമിനൽ കേസിലും ഉൾപ്പെട്ടപ്പോൾ മമത ബാനർജി മൗനം തുടരുകയായിരുന്നുവെന്നും അമിത് മാളവ്യ ആരോപിച്ചു.
മഹുവയ്ക്കെതിരേ ഉയർന്ന് ആരോപണത്തിൽ ഉചിതമായ സമയത്ത് പാർട്ടിയുടെ പ്രതികരണം വരുമെന്നായിരുന്നു മുതിർന്ന നേതാക്കൾ ആവർത്തിക്കുന്നത്. മഹുവയുടെ സഹപ്രവർത്തകരായ പാർട്ടിയിലെ പാർലമെന്റംഗങ്ങളാരും തന്നെ ഇതുവരെ മിണ്ടിയിട്ടില്ല. വിവാദത്തെ പാർട്ടി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തൃണമൂലിന്റെ രാജ്യസഭാംഗം ശന്തനു സെൻ കഴിഞ്ഞദിവസം പ്രതികരിച്ചത്.
മഹുവ പ്രതിക്കൂട്ടിലായ വിവാദത്തിൽ ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടുന്ന പാർട്ടിയുടെ ഉന്നതനേതൃത്വം തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് വിവരം. നേതൃത്വത്തോടോ സഹ എം.പി.മാരോടോ കാര്യമായ ബന്ധമില്ലാത്ത മഹുവയെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന വികാരം പാർട്ടിക്കുള്ളിലുണ്ട്. പാർട്ടിനേതാവ് മമതയുമായും മഹുവ സ്വരച്ചേർച്ചയിലല്ലെന്നാണ് റിപ്പോർട്ട്. മഹുവ വിഷയത്തിൽ അഴിമതിയുണ്ടോയെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയില്ല. അതിനാൽ പ്രശ്നം മഹുവതന്നെ കൈകാര്യം ചെയ്യട്ടെയെന്ന അഭിപ്രായമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.