ചെന്നൈ: കർണാടകയിൽ ലക്ഷ്യം കണ്ടതോടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അടുത്ത ഉന്നം തമിഴ്നാട്. ദ്രാവിഡ മണ്ണിൽ വേരുറപ്പിക്കാൻ ബി.ജെ.പി പലതവണ ശ്രമംനടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. 1998 മുതൽ 2004 വരെ ദ്രാവിഡ കക്ഷികളുമായി മാറിമാറി കൂട്ടുക്കെട്ടുണ്ടാക്കി നേട്ടംകൊയ്തെങ്കിലും തുടർച്ചയുണ്ടായില്ല. ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുന്നത് തിരിച്ചറിഞ്ഞ ഡി.എം.കെയും അണ്ണാ ഡി.എം.കെയും ബി.ജെ.പിയെ കൈവിടുകയായിരുന്നു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി മഴവിൽമുന്നണിയുമായി രംഗത്തിറങ്ങിയെങ്കിലും കന്യാകുമാരിയിൽനിന്ന് പൊൻ രാധാകൃഷ്ണൻ മാത്രമാണ് ജയിച്ചുകയറിയത്. ദ്രാവിഡ കക്ഷികളിൽനിന്നും ജാതിസംഘടനകളിൽനിന്നും പ്രവർത്തകരെ അടർത്തിയെടുക്കാൻ ശേഷിയുള്ള നേതാവിെൻറ അഭാവം ബി.ജെ.പി നേതൃത്വത്തെ കുഴക്കുന്നുണ്ട്. രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ ഉടൻ അമിത് ഷാ അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, സ്വന്തം രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് മുേന്നാട്ടുപോകാനാണ് രജനി തീരുമാനിച്ചത്.
രജനീകാന്തും ബി.ജെ.പിയും ഒരുമിച്ചുനീങ്ങിയാൽ തമിഴക ഭരണം പിടിക്കാമെന്ന് തമിഴ് വാരികയായ തുഗ്ലക്കിെൻറ എഡിറ്ററും സംഘ്പരിവാർ ബുദ്ധിജീവിയുമായ എസ്. ഗുരുമൂർത്തി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് രജനീകാന്ത് വ്യക്തമാക്കിയിട്ടില്ല. അതേസമയം, 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തബന്ധമാണ് രജനീകാന്തിന്. രജനീകാന്ത് സ്വന്തമായി പാർട്ടി രൂപവത്കരിച്ച് ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടാനുള്ള സാധ്യത രാഷ്ട്രീയനിരീക്ഷകരും തള്ളിക്കളയുന്നില്ല. അത് നടന്നില്ലെങ്കിൽ, സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെ കൂട്ടുപിടിച്ച് അടിത്തറ ഉറപ്പിക്കാനാണ് ബി.ജെ.പി നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.