ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക ബി.ജെ.പി പുറത്തിറക്കി. നിതിൻ ഗഡ്‌കരി ഉൾപ്പെടെ വിവിധ നേതാക്കളുളള പട്ടികയിൽ വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ളവരെയാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് തീരുമാനമായില്ല. ഈ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
ദാദര്‍ നഗര്‍ ഹവേലി, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ കര്‍ണാടകയിലെ പ്രതാപ് സിൻഹക്ക് സീറ്റ് നിഷേധിച്ചു. കര്‍ണാൽ മണ്ഡലത്തിൽ മനോഹര്‍ലാൽ ഖട്ടര്‍ മത്സരിക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഹാമിർപൂരിൽ മത്സരിക്കും. ജെ.ഡി.എസ് നേതാവ് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മരുമകൻ സി.എൻ. മഞ്ജുനാഥ് ബാംഗ്ലൂര്‍ റൂറലിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും.
ശോഭ കരന്തലജെ ബാംഗ്ലൂര്‍ നോര്‍ത്തിൽ മത്സരിക്കും. പിയൂഷ് ഗോയൽ മംബൈ നോര്‍ത്തിനും കര്‍ണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ രാഘവേന്ദ്ര ഷിമോഗയിലും തേജസ്വി സൂര്യ ബാംഗ്ലൂര്‍ സൗത്തിലും മത്സരിക്കുമെന്ന് പട്ടികയിൽ പറയുന്നു. മൈസൂരു രാജ കുടുംബാംഗം യദുവീര്‍ കൃഷ്‌ണ ദത്ത ചാമരാജ മൈസൂര്‍ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. തെലങ്കാനയിൽ ഇന്നലെ ബി.ജെ.പി അംഗത്വമെടുത്ത ബി.ആർ.എസ് നേതാവ് ഗോദം നാഗേഷ് ആദിലാബാദിൽ മത്സരിക്കുമെന്നും പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.