'രാഹുലിനെ ഇനിയെങ്കിലും മര്യാദ പഠിപ്പിക്കൂ'; ഹൈകോടതി വിധിയെ സ്വാഗതം ചെയ്ത് ബി.ജെ.പി

'രാഹുലിനെ ഇനിയെങ്കിലും മര്യാദ പഠിപ്പിക്കൂ'; ഹൈകോടതി വിധിയെ സ്വാഗതം ചെയ്ത് ബി.ജെ.പി

ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിയെ സ്വാഗതം ചെയ്ത് പരാതിക്കാരനായ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദി. സത്യം ജയിക്കുമെന്നും കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

"ഇപ്പോഴാണ് സത്യമേവ ജയതേ എന്ന വാക്യം അർത്ഥവത്തായത്. എല്ലാവരും കോടതി വിധിയെ അംഗീകരിക്കണം. ഞങ്ങളുടെ കുടുംബപ്പേരിനെതിരെ രാഹുൽ ഗാന്ധി മോശമായ പല പരാമർശങ്ങളും നടത്തിയിട്ടുണ്ട്. ഇനിയൊരിക്കൽ അത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് അദ്ദേഹം ഈ വിധി ആലോചിക്കണം. ഇത്തരം ചരിത്രങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം" - പൂർണേഷ് മോദി പറഞ്ഞു.

ഗുജറാത്ത് ഹൈകോടതി വിധി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമേറ്റ പ്രഹരമാണെന്ന് ബി.ജെ.പി നേതാവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. ഒ.ബി.സി വിഭാഗത്തെ ആകെ അപമാനിക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. വിഷയത്തിൽ മാപ്പ് പറയേണ്ടതിന് പകരം അഹങ്കാരത്തോടെയാണ് അദ്ദേഹം പെരുമാറിയതെന്നും ഒ.ബി.സി വിഭാഗത്തോട് രാഹുൽ ഗാന്ധി മാപ്പ് പറയേണ്ടതായിരുന്നുവെന്നും പൂനാവാല കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയെ നിയന്ത്രിക്കാത്തതിന്‍റെ ഉദ്ദേശം എന്താണ് എന്നായിരുന്നു ബി.ജെ.പി എം.പി രവി ശങ്കർ പ്രസാദിന്‍റെ പ്രതികരണം.

"രാഹുൽ ഗാന്ധിയെ കോൺഗ്രസ് നിയന്ത്രിക്കാത്തതിന്‍റെ കാരണം എന്താണ്? മര്യാദക്ക് സംസാരിക്കാൻ രാഹുലിനെ പരിശീലിപ്പിക്കാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം നിങ്ങളുടെ നേതാവാണ്. ഈ വിഷയത്തിൽ അദ്ദേഹം ആരോടെങ്കിലും മാപ്പ് ചോദിച്ചിട്ടുണ്ടോ? മാപ്പ് ചോദിച്ചിരുന്നെങ്കിൽ ഈ വിഷയം അന്നേ അവസാനിച്ചേനെ. മറ്റ് സംഘടനകളേയും മഹത്തായ വ്യക്തികളേയും അവഹേളിക്കുന്നതും അപമാനിക്കുന്നതും അദ്ദേഹത്തിന്‍റെ ശീലമായി മാറിയിട്ടുണ്ടെന്നും പ്രസാദ് കൂട്ടിച്ചേർത്തു.

വിധി പ്രസ്താവത്തിനിടെ രാഹുൽ ഗാന്ധിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സെഷൻസ് കോടതിയുടെ തീരുമാനം നീതിപരവും നിയമപരവുമാണ് എന്നായിരുന്നു ഗുജറാത്ത് ഹൈകോടതിയുടെ പരാമർശം. അതേസമയം ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.

Tags:    
News Summary - BJP says it welcomes the highcourt order against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.