ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ജനം കേൾക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. ശിവസേനയുടെ മുഖ്യ ശത്രു ബി.ജെ.പിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 മുതൽ രാഹുൽ ഗാന്ധിക്ക് മാറ്റങ്ങൾ വന്നിരിക്കുന്നു. ജനങ്ങൾ സ്വീകരിക്കുന്നയാളാണ് നേതാവെന്നും രാഹുൽ നേതാവായി മാറിയെന്നും റാവത്ത് കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ബി.ജെ.പിയുടേതാണ് സർക്കാർ. സർക്കാറിനെ ശിവസേന പിന്തുണക്കുന്നുവെന്നേയുള്ളൂ. കോൺഗ്രസിനെയും എൻ.സി.പിയെയുമല്ല, ബി.ജെ.പിയെയാണ് പാർട്ടി എതിർക്കുന്നത്. പാർട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ശിവസേന ഒരുങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയാണ് ശിവസേന. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പി നിലപാടുകളെ പരസ്യമായി വിമർശിക്കുകയാണ് ഉദ്ധവ് താക്കറെയുടെ പാർട്ടി.
രാഹുൽ ഗാന്ധി ഇന്ത്യയെ നയിക്കാൻ പ്രാപ്തനാണെന്ന് കഴിഞ്ഞ ദിവസം സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. നരേന്ദ്ര മോദി തരംഗം അവസാനിച്ചെന്നും രാഹുൽ ഗാന്ധിയെ 'പപ്പു' എന്നു വിളിച്ചു പരിഹസിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.