ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് പോർട്ടൽ ഫണ്ടിങ് കേസിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ബി.ജെ.പി. അടുത്തിടെ പതിനാലോളം മാധ്യമപ്രവർത്തകർക്ക് ഭ്രഷ്ട് കൽപിച്ച കോൺഗ്രസ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പ്രസംഗിക്കേണ്ടതില്ലെന്നും ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
മാധ്യമങ്ങളെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന അനുകൂല പ്രചാരണത്തിന് പണം കൈപ്പറ്റിയെന്ന ആരോപണത്തെത്തുടർന്ന് യു.എ.പി.എ പ്രകാരം ഫയൽ ചെയ്ത കേസിൽ ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിന്‍റെ ഓഫീസുകളിൽ ചൊവ്വാഴ്ച റെയ്ഡ് നടന്നിരുന്നു. ഒമ്പത് മണിക്കൂറോളമായിരുന്നു റെയ്ഡ്. പിന്നാലെ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ മൊബൈലും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു.
മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോ. രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് റെയ്‌ഡ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.