ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ 'സൗജന്യ'ങ്ങൾക്ക് തടയിടാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിന് ബി.ജെ.പി പിന്തുണ. ഇതുമായി ബന്ധപ്പെട്ട് കമീഷൻ അയച്ച കത്തിനുള്ള മറുപടിയിൽ സൗജന്യങ്ങൾ വിലക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ ആവർത്തിച്ചു. അതേ സമയം 'സൗജന്യ'ങ്ങളും ക്ഷേമ പ്രവർത്തനവും വേർതിരിച്ച് കാണണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി തങ്ങൾ നടപ്പാക്കുന്ന പദ്ധതികൾ ക്ഷേമപ്രവർത്തനങ്ങളും പ്രതിപക്ഷം നടപ്പാക്കുന്നവ സൗജന്യങ്ങളാണെന്ന വിചിത്ര വാദവും മുന്നോട്ടുവെച്ചു.
സൗജന്യങ്ങൾ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ബി.ജെ.പിയുടെ തേരോട്ടത്തിന് തടയിടുമെന്ന് ആശങ്കയുയർന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷനെയും സുപ്രീംകോടതിയെയും മുന്നിൽ നിർത്തി കേന്ദ്ര സർക്കാർ അവക്ക് വിലങ്ങിടാൻ നോക്കുന്നത്.
സൗജന്യങ്ങളുടെ 'രേവ്ഡി സംസ്കാരം' രാജ്യത്ത് അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടെയാണ് വിഷയം ചർച്ചയായത്. സൗജന്യങ്ങൾ വിലക്കാനുള്ള ഹരജി സുപ്രീംകോടതി അടിയന്തരമായി പരിഗണിച്ചതിന് പിറകെ ഒക്ടോബർ 19നകം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചു.
രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടത്തുമ്പോൾ സാമ്പത്തികമായി നടപ്പാക്കാനാകുമോ എന്നത് കൂടി വ്യക്തമാക്കണമെന്ന കമീഷന്റെ നിർദേശത്തെ ബി.ജെ.പി പിന്തുണച്ചു. വോട്ടർമാരെ ആശ്രിതരാക്കി മാറ്റുന്നതിന് പകരം അവരെ ശാക്തീകരിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും ബി.ജെ.പി കമീഷനയച്ച കത്തിൽ വ്യക്തമാക്കി. വീടും റേഷനും നൽകുന്നത് പോലെയല്ല വൈദ്യുതി സൗജന്യമായി നൽകുന്നത്. പാർപ്പിടം അടിസ്ഥാന ആവശ്യമായതിനാൽ വീട് ഒറ്റത്തവണ നൽകുന്ന സഹായമാണ്. കോവിഡ് കാലത്ത് ജനങ്ങൾക്ക് തൊഴിലില്ലാതായപ്പോഴാണ് സൗജന്യ റേഷൻ തുടങ്ങിയത്. ഈ ക്ഷേമപ്രവർത്തനങ്ങളെ സൗജന്യ വൈദ്യുതിയുമായി സമീകരിക്കാനാവില്ല.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഭവനപദ്ധതികളും സൗജന്യ റേഷനും അനുവദിക്കുമ്പോൾ ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള ആംആദ്മി പാർട്ടി സർക്കാർ സൗജന്യ വൈദ്യുതി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് തങ്ങളുടേത് ക്ഷേമപദ്ധതികളും പ്രതിപക്ഷത്തിന്റേത് സൗജന്യവുമാക്കിയുള്ള വ്യാഖ്യാനം ബി.ജെ.പി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.