മുംബൈ: മഹാരാഷ്ട്ര സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം തുടങ്ങിയെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി തനിക്ക് മേൽ സമ്മർദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി സഹകരിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മുംബൈ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ശിവസേന നേതാവിന്റെ പരാമർശം.
20 ദിവസങ്ങൾക്ക് മുമ്പ് ബി.ജെ.പി നേതാക്കൾ എന്നെ മൂന്ന് തവണ വന്ന് കണ്ടിരുന്നു. തങ്ങൾ പൂർണ സജ്ജരാണെന്ന് അവർ അറിയിച്ചു. ഒന്നുകിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും അല്ലെങ്കിൽ എം.എൽ.എമാരെ അടർത്തിയെടുക്കുമെന്നായിരുന്നു ഭീഷണി. ബി.ജെ.പിയുടെ നിർദേശപ്രകാരം പ്രതിപക്ഷത്തുള്ള നേതാക്കളെ കേന്ദ്ര ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണെന്നും റാവത്ത് ആരോപിച്ചു.
നിരവധി ശിവസേന നേതാക്കളാണ് കേന്ദ്ര ഏജൻസികളുടെ ആക്രമണത്തിന് വിധേയരാകുന്നത്. ഇത് മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ മുഴുവൻ പ്രശ്നമാണ്. പശ്ചിമബംഗാൾ സർക്കാരും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മഹാരാഷ്ട്ര സർക്കാർ ബലഹീനരാണെന്ന് ധരിക്കരുത്. എങ്ങനെയൊക്കെ ആക്രമിച്ചാലും ആർക്കു മുന്നിലും ഞങ്ങൾ തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.