എൻ.ഡി.എ വികസിപ്പിക്കാൻ ബി.ജെ.പി

ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയമേറ്റുവാങ്ങിയ ബി.ജെ.പി 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വികസിപ്പിക്കുന്നതിന് നീക്കം തുടങ്ങി. ആന്ധ്രപ്രദേശിലെ തെലുഗുദേശത്തിനു പിന്നാലെ കർണാടകയിലെ ജനതാദൾ-എസിനെയും എൻ.ഡി.എയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. അതേസമയം, എൻ.ഡി.എയിൽ ചേരാനുള്ള സന്നദ്ധത വാർത്തകൾ ജനതാദൾ-എസ് നിഷേധിക്കുകയാണ്.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ സഖ്യകക്ഷികളെ ചേർക്കുമെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ നേരത്തേ വ്യക്തമാക്കിയിരുന്നു. ആന്ധ്രപ്രദേശിൽ അതിജീവനത്തിന് പാടുപെടുന്ന തെലുഗുദേശത്തെപ്പോലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ് നിലനിൽപ് ഭീഷണിയിലായ സ്ഥിതിയിലാണ് ജനതാദൾ-എസ്. കർഷക സമരത്തെ തുടർന്ന് എൻ.ഡി.എ വിട്ട അകാലിദളിനെയും അടുപ്പിക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി നടത്തുന്നുണ്ട്. 224 മണ്ഡലങ്ങളിൽ 19 മാത്രം നേടിയതോടെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലായ നിലയിലാണ് ജനതാദൾ-എസ്. എങ്കിലും കർണാടകയിലെ നാലു ജില്ലകളിൽ അവർക്കുള്ള സ്വാധീനത്തിലാണ് ബി.ജെ.പിയുടെ കണ്ണ്.

2006ൽ ജനതാദൾ-എസുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പി പിന്നീട് തങ്ങൾക്ക് ജയിക്കാവുന്ന ഏക തെന്നിന്ത്യൻ സംസ്ഥാനമാക്കി കർണാടകയെ മാറ്റി. 2006ൽ ഇരുപാർട്ടികളും ചേർന്നുണ്ടാക്കിയ സഖ്യ സർക്കാറിൽ കുമാരസ്വാമി മുഖ്യമന്ത്രിയും ബി.എസ്. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായിരുന്നു. എന്നാൽ, ധാരണപ്രകാരം അധികാരം പങ്കുവെക്കാൻ കുമാരസ്വാമി തയാറാകാതിരുന്നതിനെ തുടർന്ന് സഖ്യം തകരുകയായിരുന്നു.

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതിനിടയിലും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ശക്തമായി ന്യായീകരിച്ച് ദേവഗൗഡ രംഗത്തുവന്നതോടെയാണ് ബി.ജെ.പി-ജനതാദൾ-എസ് സഖ്യസാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നുതുടങ്ങിയത്. റെയിൽവേ മന്ത്രി അക്ഷീണം പ്രയത്നിക്കുകയാണെന്ന് ദേവഗൗഡ പ്രശംസിക്കുകയും ചെയ്തു. പട്നയിൽ നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷയോഗത്തിൽ പങ്കെടുക്കില്ലെന്ന സൂചന നൽകിയ ദേവഗൗഡ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നും ഒരിക്കലെങ്കിലും ബി.ജെ.പിയുമായി കൂടാത്തവർ ആരുമില്ലെന്നും പറഞ്ഞു. പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനവും ജനതാദൾ-എസ് തള്ളിയിരുന്നു.

Tags:    
News Summary - BJP to develop NDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.