ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആരും പാർട്ടിവിട്ട് പോയില്ല. കോൺഗ്രസ് പാർട്ടിയിൽ സമാധാനവും സാഹോദര്യവും നിലനിൽക്കുമെന്നും ഗെലോട്ട് പ്രതികരിച്ചു. ചൊവ്വാഴ്ച നടക്കുന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിന് മുമ്പാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
'' ഞങ്ങളുടെ പാർട്ടിയിൽ എന്നും സമാധാനവും സാഹോദര്യവും നിലനിൽക്കും. പരാതികൾ പരിഹരിക്കുന്നതിന് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി പരമാവധി ശ്രമിച്ചു. എന്നാൽ അവസാനം ഞങ്ങളുടെ എല്ലാ എം.എൽ.എമാരും ഒരുമിച്ചുനിന്നു, ഒരാൾ പോലും ഞങ്ങളെ വിട്ടുപോയില്ല, "-ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
അടുത്തയാഴ്ച നടക്കുന്ന നിർണായക നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള സി.എൽ.പി യോഗം പാർട്ടി എം.എൽ.എമാർ തമ്പടിച്ചിരിക്കുന്ന ജയ്‌സാൽമീറിലാണ് ചേരുന്നത്. ജയ്‌സാൽമീറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഗെലോട്ട് സ്വതന്ത്ര എം.എൽ.എമാരായ സുരേഷ് താക്, ഓം പ്രകാശ് ഹുഡ്‌ല, ഖുഷ്‌വീർ സിങ് എന്നിവരെ വസതിയിലേക്ക് വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അവർ തന്നോടൊപ്പമുണ്ടെന്ന് ഉറപ്പു നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂഡൽഹിയിൽ സച്ചിൻ പൈലറ്റും രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെത്തുടർന്ന് രാജസ്ഥാനിലെ വിമത നേതാക്കളുടെ പരാതികൾ അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. തൊട്ട്പിന്നാലെ സച്ചിൻ പൈലറ്റ് പക്ഷത്തിെൻറ മനം മാറ്റവും പ്രസ്താവനയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.