മുംബൈ: ദാദ്ര, നാഗർ ഹവേലി എംപി മോഹൻഭായ് ദൽകറെ തെക്കൻ മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മറൈൻ ഡ്രൈവിലെ ഹോട്ടലിൽ നിന്നാണ് ദൽകറുടെ മൃതദേഹം കണ്ടെത്തിയത്. അവിടെ നിന്ന് ഗുജറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. കേന്ദ്ര ഭരണപ്രദേശമായ ദാദ്ര, നാഗർ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥനും മുൻ ബിജെപി എംഎൽഎയുമകയ പ്രഫുൽ പട്ടേലിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുള്ളത്.
എം.പി എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ തനിക്ക് നേരിട്ട പ്രതിബന്ധങ്ങളും നിരന്തരമായ അപമാനവും ദെൽക്കറെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്ശേഷമുള്ള പ്രവർത്തനങ്ങളിൽ ഡൽഹിയിൽ നിന്ന് തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് മോഹൻ ദെൽക്കർ പറഞ്ഞിരുന്നതായി സച്ചിൻ സാവന്ത് പറയുന്നു.
2020ൽ എംപി സ്ഥാനത്ത് നിന്ന് രാജിവച്ച് പുറത്തിറക്കിയ വീഡിയോയിൽ ദെൽക്കർ തന്നെയും അനുയായികളെയും എങ്ങനെയാണ് വ്യാജ കേസുകളിൽ ഉൾപ്പെടുത്തുന്നത് എന്ന് വിശദീകരിച്ചിരുന്നു. നിലവിൽ ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നയാളാണ് ആരോപണം നേരിടുന്ന പ്രഫുൽ പട്ടേൽ. എം.പിയുടെ ആത്മഹത്യക്ക് ബിജെപിയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ദെൽക്കറിന് നീതി ലഭ്യമാക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
ഭാരതീയ നവശക്തി പാർട്ടിയിൽ അംഗമായ മോഹൻഭായ് ദൽകർ 2019ൽ ഏഴാം തവണയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിൽവാസയിൽ ജനിച്ച ദെൽകർ കർഷകനായിരുന്നു. അദ്ദേഹത്തിന്‍റെ അവസാന ട്വീറ്റ് 2020 ഒക്ടോബർ 22നായിരുന്നു. ദൽകർ പാർലമെന്‍റിന്‍റെ സ്ഥിരംസമിതികളിലും അംഗമായിരുന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.