കശ്മീർ: ജമ്മു -കശ്മീരിൽ പുറത്തുനിന്നുള്ളവർക്ക് വോട്ടവകാശം നൽകുമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ജമ്മു -കശ്മീരിലെ ജനങ്ങളുടെ പിന്തുണ ബി.ജെ.പിക്ക് നഷ്ടപ്പെട്ടു എന്നും അതുകൊണ്ടുതന്നെ തദ്ദേശീയരുടെ ജനവിധിയെ തോല്പിക്കാനാണ് പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നതെന്നും ജമ്മു -കശ്മീർ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് രമൺ ബല്ല പറഞ്ഞു. വോട്ടവകാശത്തിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ലെന്നിരിക്കെ പുതുതായി പേരുചേർക്കാൻ പോവുന്ന വോട്ടർമാരുടെ എണ്ണം മുഖ്യ തെരഞ്ഞെടുപ്പ് ഒഫീസർക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം ചോദിച്ചു.
ചൊവ്വാഴ്ച ജമ്മു -കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് ഒഫീസർ ഹിർദേശ് കുമാർ സംസ്ഥാനത്ത് പുറത്തുനിന്നുള്ളവർ ഉൾപ്പടെ 25ലക്ഷത്തോളം പുതിയ വോട്ടർമാർ ഉണ്ടാവുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി ജമ്മുകശ്മീരിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ആളുകൾക്ക് വോട്ടവകാശത്തിന് അപേക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജമ്മു -കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370 ാം വകുപ്പ് നേരത്തെ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു. നേരത്തെ മണ്ഡലപുനർ നിർണയത്തിന്‍റെ ഭാഗമായി ജമ്മു-കശ്മീരിലെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം 83ൽ നിന്നും 90 ആയി ഉയർത്തിയിരുന്നു. അതേസമയം, അധികാരം നിലനിർത്താനുള്ള ബി.ജെ.പിയുടെ നീക്കമാണിതെന്നും തെരഞ്ഞെടുപ്പിന് ബി.ജെ.പി 'ഇറക്കുമതി ചെയ്ത' വോട്ടർമാരാണിതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.