ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കോട്ടകളിൽ ബി.ജെ.പി സ്ഥാനമുറപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. പ്രതിപക്ഷ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളായ പശ്ചിമ ബംഗാളിലടക്കം ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വോട്ട് വിഹിതത്തിൽ പാർട്ടിക്ക് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും പ്രശാന്ത് കിഷോർ പറയുന്നു.
വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ തമിഴ്നാട്ടിൽ ബി.ജെ.പി രണ്ടക്ക വോട്ട് ഷെയറിലെത്തി. തെലങ്കാനയിൽ ബി.ജെ.പി ഒന്നാമതോ രണ്ടാമതോ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിൽ ബി.ജെ.പി ഒന്നാമത് എത്തുമെന്നത് ഉറപ്പാണ്. പശ്ചിമബംഗാളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നമ്പർ വൺ പാർട്ടിയായി മാറുമെന്നും അദ്ദേഹം പറയുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ 520 ലോക്സഭ സീറ്റുകളിൽ 400 സീറ്റ് നേടുമെന്നാണ് ബി.ജെ.പിയുടെ പ്രവചനം. 370 സീറ്റുകളെങ്കിലും ബി.ജെ.പി നേടുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം. 543 അംഗ ലോക്‌സഭയിൽ തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ബിഹാർ, കേരളം എന്നിവിടങ്ങളിൽ 204 സീറ്റുകളാണുള്ളത്. 2014, 2019 തെരഞ്ഞെടുപ്പുകളിൽ ഈ സംസ്ഥാനങ്ങളിലെല്ലാം 50 സീറ്റ് കടക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല.
ഉത്തരേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും തങ്ങളുടെ ശക്തികേന്ദ്രങ്ങളെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ ബി.ജെ.പി വർഷങ്ങളായി തുടരുന്നുണ്ട്. ബി.ജെ.പിയുടെ വളർച്ച തടയാൻ അവസരം ലഭിച്ചിട്ടും പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് കോൺഗ്രസ് അവരെ തടഞ്ഞില്ല. ബി.ജെ.പി പിന്നോക്കാവസ്ഥയിലായപ്പോഴെല്ലാം ആ അവസരം മുതലെടുക്കുന്നതിൽ പ്രതിപക്ഷം, പ്രത്യേകിച്ച് കോൺഗ്രസ് പരാജയപ്പെട്ടു. അസമിലൊഴികെ മറ്റ് അസംബ്ലി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ 2015-16 തെരഞ്ഞെടുപ്പിൽ തരിശായ നിലം പോലെയായിരുന്നു ബി.ജെ.പി. പ്രതിപക്ഷം തന്നെയാണ് അന്ന് ബി.ജെ.പിക്ക് തിരിച്ചുവരവിനുള്ള അവസരം നൽകിയത്. ഇക്കുറി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പരാജയ ഭീതിയുണ്ടായേക്കാം. പക്ഷേ അത് സാധ്യമാകണമെങ്കിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിൽ നൂറ് സീറ്റെങ്കിലും കുറയുമെന്ന് ഇൻഡ്യ സഖ്യത്തിന് ഉറപ്പാക്കാൻ സാധിക്കണം. എന്നാൽ അത് നടക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.